ഡല്‍ഹിയില്‍ ഒരുവര്‍ഷത്തേക്ക് പുകയില ഉത്പന്നങ്ങള്‍ ഇനി ലഭിക്കില്ല; സുപ്രീംകോടതിയുടെ ഇടപെടലാണ് നിരോധനത്തിന് പിന്നില്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പുകയില ഉത്പന്നങ്ങള്‍ ഒരു വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പുകയില ഉത്പന്നങ്ങളുടെ ഉത്പാദനവും വില്‍പ്പനയും സംഭരണവും ഒരു വര്‍ഷത്തേക്ക് ഉണ്ടാകില്ല. വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ക്കാണ് വിലക്ക്. ഗുഡ്ക, പാന്‍ മസാല, കയ്നി, സര്‍ദ എന്നിവ ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. പായ്ക്കറ്റില്‍ അല്ലാതെ വില്‍ക്കുന്ന ഇത്തരം പുകയില ഉത്പന്നങ്ങളും നിരോധനത്തില്‍ വരും. ഡല്‍ഹിയില്‍ ഗുഡ്ക നിരോധിക്കണമെന്ന സുപ്രീം കോടതിയില്‍ നിന്നും നിരന്തരമായി വന്ന ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2012 സെപ്തംബര്‍ മുതല്‍ നിരോധനം സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഉത്തരവില്‍ ഗുഡ്ക എന്ന വാക്ക് മാത്രം ഉപയോഗിച്ചിരിക്കുന്നതിനാല്‍ കച്ചവടക്കാര്‍ മറ്റു ഉത്പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിച്ചിരുന്നു. ഗുഡ്കയിലെ ചേരവുകള്‍ പ്രത്യേകം പാക്കറ്റുകളിലാക്കിയും കോടതി ഉത്തരവിനെ കച്ചവടക്കാര്‍ മറികടക്കുകയായിരുന്നു. വീണ്ടും കോടതിയുടെ ഇടപെടല്‍ വന്നതോടെ
വായിലിട്ട് ചവയ്ക്കുന്ന എല്ലാവിധ പുകയില ഉത്പന്നങ്ങളും നിരോധിക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.