ന്യൂയോര്‍ക്ക്: പ്രസിഡന്റായുള്ള തന്റെ എട്ടുവര്‍ഷക്കാലത്തെ ഭരണത്തിനിടയിലെ ഏറ്റവും വലിയ പിഴ ലിബിയയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തനിക്ക് ഗദ്ദാഫിയെ മറിച്ചിടണം എന്നതിനപ്പുറത്ത് മറ്റൊരു അജണ്ടയുമില്ലായിരുന്നുവെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ ഈ കുറ്റസമ്മതം. ഗദ്ദാഫിക്കുശേഷം ലിബിയ എന്തായിരിക്കണമെന്നതു സംബന്ധിച്ച് കൃത്യമായ പദ്ധതിയുണ്ടായിരുന്നില്ല. ഇത് ലിബിയയെ കലാപത്തിലേക്കു നയിച്ചു. തീവ്രവാദികളുടെ ഭീഷണിക്കുള്ളിലാക്കിയെന്നും ഒബാമ പറഞ്ഞു. ലിബിയയില്‍ ഇടപെടുകയെന്നതാണ് ചെയ്യാന്‍ പറ്റുന്ന കാര്യമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ ഇടപെടല്‍ ഫലിച്ചില്ലെന്നും ഒബാമ സമ്മതിച്ചു. ലിബിയയുടെ കാര്യത്തില്‍ ഒബാമ കുറ്റസമ്മതം നടത്തുന്നത് ഇതാദ്യമായല്ല. കഴിഞ്ഞമാസം അറ്റ്‌ലാന്റിക് മാഗസീനിനു നല്‍കിയ അഭിമുഖത്തില്‍ ലിബിയയിലെ ഓപ്പറേഷന്‍ പ്രതീക്ഷിച്ചതുപോലെ നീങ്ങിയെങ്കിലും ലിബിയ ഇപ്പോള്‍ വഷളായ ഒരു സ്ഥലമായി മാറിയിരിക്കുകയാണെന്ന് ഒബാമ പറഞ്ഞിരുന്നു. നിലവില്‍ ഭരണരംഗത്ത് കടുത്ത അരാജകത്വം നിലനില്‍ക്കുന്ന ലിബിയയുടെ അവസ്ഥക്ക് കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അടക്കമുള്ള യൂറോപ്യന്‍ നേതാക്കളടക്കളാണെന്നാണ് ഒബാമ നേരത്തെ പറഞ്ഞത്.