ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസിന് നഷ്ടക്കച്ചവടം.2011ല്‍ 63 സീറ്റുകളില്‍ മത്സരിച്ചിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 41 സീറ്റുകള്‍ മാത്രം.
മന്ത്രിസഭയില്‍ പങ്കാളിത്തം നല്‍കുന്ന കാര്യത്തിലും വ്യക്തതയില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റു വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം ഒരുമിച്ച കോണ്‍ഗ്രസും ഡിഎംകെയും പിന്നീട് 2013ല്‍ ശ്രീലങ്കന്‍ തമിഴരുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ ഇടയുകയായിരുന്നു. പിന്നീട് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടായി മല്‍സരിച്ച് വന്‍ തിരിച്ചടി നേരിട്ടു. ഇതേത്തുടര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്ങോട്ട് മുന്‍കൈ എടുത്ത് ഡിഎംകെയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നത്. ഇത്തവണ 70 സീറ്റ് വേണമെന്ന് തുടക്കത്തില്‍ ആവശ്യപ്പെട്ടെങ്കിലും കുറഞ്ഞത് 40 എങ്കിലും ലഭിക്കണം എന്ന് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യം 40 നല്‍കാമെന്ന് സൂചന നല്‍കിയ ഡിഎംകെ നേതൃത്വം പിന്നീട് 30 സീറ്റുകളേ നല്‍കാനാകൂ എന്ന് അറിയിച്ചു. തുടര്‍ചര്‍ച്ചകളേത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് 41 സീറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.