ലക്‌നൗ: എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നതിന് പിന്നില്‍ ഭീകരസംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമദ് തുടങ്ങിയ ഭീകര സംഘടനകളെന്ന് സംശയം. എന്‍ഐഎ ഡിവൈഎസ്പി മുഹമ്മദ് തന്‍സിലാണ് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ തന്‍സില്‍ അംഗമാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തന്‍സിലിനു നേരെ വെടിയുതിര്‍ത്തത്. ഭാര്യ ഫര്‍സാന ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തന്‍സിലിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭീകര വിരുദ്ധ സേനയും എന്‍ഐഎയും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.