അസം: പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ പുരുളിയ, ബാങ്കുറ, മിഡ്‌നാപ്പൂര്‍ മേഖലകളിലെ 18 മണ്ഡലങ്ങളിലും അസമില്‍ അപ്പര്‍ അസം മേഖയിലെ 65 മണ്ഡലങ്ങളിലും ആണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. മാവോയിസ്റ്റ്, വിഘടന വാദി സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മണിമുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സുരക്ഷാ ഭീഷണിയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി മുന്നേറ്റമുണ്ടാക്കിയ മേഖലകള്‍ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുമായി താഴെ തട്ടില്‍ ധാരണ ഉണ്ടാക്കിയ ഇടതു പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നാലാമൂഴം തേടുന്ന അസ്സമില്‍ 566 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 126 മണ്ഡലങ്ങളുള്ള അസമില്‍ രണ്ടാം ഘട്ടം 11ന് നടക്കും. 294 നിയമസഭാ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഇന്നും, 11നുമാണ് നടക്കുക. മേയ് അഞ്ചിനാണ് അവസാനഘട്ടം. അസാമിലും ബംഗാളിലും മേയ് 19ന് വോട്ടെണ്ണല്‍ നടക്കും.