വി എസ് മുഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം; പിണറായിക്ക് 12 ശതമാനം; 34 ശതമാനം ഉമ്മന്‍ചാണ്ടിക്ക് ; എന്‍ഡിഎയ്ക്ക് രണ്ട് സീറ്റ് ലഭിക്കും; ഇടതിന് മുന്‍തൂക്കമെന്നും മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ പ്രി പോള്‍ സര്‍വെ

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷ മുന്നണി അധികാരത്തില്‍ വരുമെന്നും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്നും മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ പ്രി പോള്‍ സര്‍വെ. പ്രതിപക്ഷ നേതാവ് വിഎസ് മഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം പേരും വോട്ട് ചെയ്തപ്പോള്‍ പിണറായി വിജയന് ലഭിച്ചത് 12 ശതമാനം മാത്രം. 34 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്നും വോട്ട് ചെയ്തു. ഒ. രാജഗോപാലിന് ഏഴു ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ എ.കെ. ആന്റണിക്ക് ആറു ശതമാനത്തിന്റെയും രമേശ് ചെന്നിത്തലയ്ക്ക് രണ്ടു ശതമാനം പേരുടെയും പിന്തുണയുണ്ട്. എല്‍.ഡി.എഫിന് 68 മുതല്‍ 74 സീറ്റ് വരെ ലഭിക്കാമെന്നും യു.ഡി.എഫിന് 66 മുതല്‍ 72 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വെ പ്രവചിക്കുന്നു. എന്‍ഡിഎ സഖ്യത്തിന് 2 സീറ്റ് ലഭിച്ചേക്കുമെന്നും സര്‍വെയില്‍ പറയുന്നു. ഇടതു മുന്നണി 45% വോട്ട് നേടുമെന്നു പ്രവചിക്കുന്ന സര്‍വ്വെ ഐക്യ ജനാധിപത്യ മുന്നണിക്ക് 42% വോട്ടും എന്‍.ഡി.എയ്ക്ക് 10% വോട്ടും പ്രവചിക്കുന്നു. കേരളത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാക്കി നഗരങ്ങളിലെ 39% പേര്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ ഗ്രാമങ്ങളില്‍ 38% പേരുടെ പിന്തുണയുമായി യു.ഡി.എഫ്. മുന്നിട്ടു നില്‍ക്കുന്നു. ഇടതു മുന്നണിയെ ഗ്രാമങ്ങളില്‍ 37% പേരും യു.ഡി.എഫിനെ നഗരങ്ങളില്‍ 36% പേരും പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അഴിമതിയാണെന്ന് 36% പേര്‍ വിശ്വസിക്കുമ്പോള്‍ വികസനത്തെ പിന്തുണച്ച് 37% പേര്‍ രംഗത്തെത്തി. യു.ഡി.എഫ്. ഏറെ കൊട്ടിഘോഷിച്ച മദ്യനിരോധനത്തെ പ്രധാന വിഷയമായി കണ്ടത് വെറും 6% പേര്‍ മാത്രമാണ്. ഇന്നലെ രാത്രിയാണ് സര്‍വെ ഫലം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.

© 2024 Live Kerala News. All Rights Reserved.