ഇറങ്ങുന്നതിന് മുമ്പ് സര്‍വ്വതും കുത്തകകള്‍ക്ക് തീറെഴുതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; തുറന്ന ജയിലിന്റെ രണ്ടേക്കര്‍ സ്ഥലം സ്വകാര്യ ട്രസ്റ്റിന് കൈമാറി

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് സര്‍വ്വതും കുത്തകകള്‍ക്ക് തീറെഴുതി. നെടുമങ്ങാട് നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമിയും പതിച്ചുനല്‍കിയതായി വിവരങ്ങള്‍. തുറന്ന ജയിലിന്റെ രണ്ടേക്കര്‍ സ്ഥലം സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ റവന്യുവകുപ്പിന്റെ ഉത്തരവ്. ജയില്‍ വകുപ്പിന്റെ അധീനതയിലുളള ഭൂമിയാണ് ജയില്‍ വകുപ്പ് സെക്രട്ടറിയോട് പോലും റിപ്പോര്‍ട്ട് തേടാതെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പതിച്ചു നല്‍കാനായി ഉത്തരവിറക്കിയിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കത്ത് നല്‍കിയിരുന്നു. ഈ കത്ത് തള്ളിക്കൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ നിര്‍മിക്കാനായി ജയിലിന്റെ രണ്ടേക്കര്‍ ഭൂമി വിട്ടുനല്‍കണമെന്ന് കാണിച്ച് പോത്തന്‍കോട് ചിന്താലയ ആശ്രമ ട്രസ്റ്റ് 2013ലാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. റീ സര്‍വെ റെക്കോഡ് പ്രകാരം ഈ ഭൂമി ഓപ്പണ്‍ ജയില്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ ജയില്‍വകുപ്പിന്റെ അധീനതയിലാണെന്നുമാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചത്. ഭൂമി പണയപ്പെടുത്താനോ, മരങ്ങള്‍ മുറിച്ചുമാറ്റാനോ പാടില്ലെന്നതുള്‍പ്പെടെയുളള ഉപാധികളോടെ 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നല്‍കിയിട്ടുളളത്. ഈ പാട്ട വ്യവസ്ഥ നിലനില്‍ക്കെയാണ് റവന്യുവകുപ്പ് ഭൂമി മറിച്ചുനല്‍കിയത്. ഭൂ നികുതി രജിസ്റ്ററില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റവന്യുവകുപ്പിന്റെ ന്യായം. ഇതെ രജിസ്റ്ററില്‍ റിമാര്‍ക്‌സ് കോളത്തില്‍ ഓപ്പണ്‍ ജയില്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എം.എസ് 357/64/അഗ്രി എന്ന ഉത്തരവുപ്രകാരം ഭൂമി ജയില്‍വകുപ്പിന് പാട്ടത്തിന് നല്‍കിയതാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും അറിയിച്ചതാണ്. എന്നിട്ടും പുറമ്പോക്ക് ഭൂമി എന്നത് അടിസ്ഥാനമാക്കിയാണ് റവന്യൂവകുപ്പ് ഭൂമി പതിച്ചുനല്‍കി ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റോഡ് വികസനം, ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം എന്നിവയ്ക്ക് ജയില്‍വകുപ്പിന്റെ ഭൂമി നേരത്തെയും വിട്ടുനല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.