സീറ്റ് നിഷേധിച്ചാല്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അടൂര്‍പ്രകാശിന്റെ ഭീഷണി; ബിഡിജെസിന്റെ പിന്തുണയും മന്ത്രി തേടി

തിരുവനന്തപുരം: അഴിമതിയുടെ പേരില്‍ സീറ്റ് നിഷേധിച്ചാല്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ ഭീഷണി. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു. പത്തനംതിട്ട ഡി.സി.സിയില്‍ തന്നെ പിന്തുണയ്ക്കുന്നവരെയും മന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ഉറപ്പുളള വിജയം അട്ടിമറിക്കാനാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ശ്രമിക്കുന്നതെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. പത്തനംതിട്ട ജില്ലയില്‍ കോന്നി പോലെ ഇത്രയേറെ ഉറപ്പുളള മറ്റൊരു സീറ്റില്ല. റവന്യൂ വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നേരിടാതെ പാര്‍ട്ടി നേതൃത്വം അതിന് എണ്ണ പകരുന്ന സമീപനമാണ് സ്വീകരിച്ചതെന്നതും അടൂര്‍ പ്രകാശിന്റെ അമര്‍ഷത്തിന് കാരണമാണ്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അടൂര്‍ പ്രകാശ് നിലവിലെ രാഷ്ട്രീയസാഹചര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തതായാണ് വിവരം. സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ ബി.ഡി.ജെ.എസ് അടൂര്‍ പ്രകാശിനെ പിന്തുണയ്ക്കും. ഇതുസംബന്ധിച്ചുള്ള രഹസ്യചര്‍ച്ചകളും നടന്നതായാണ് വിവരം. അഴിമതിക്കാരനായ അടൂര്‍പ്രകാശ് മത്സരിക്കുന്നതിനോട് രമേശ് ചെന്നിത്തലയ്ക്കും താല്‍പര്യമില്ല.

© 2024 Live Kerala News. All Rights Reserved.