യുഡിഎഫ് കൂടെ കൊണ്ടുനടന്ന് ക്രൂരമായി വഞ്ചിച്ചെന്ന് ജോണി നെല്ലൂര്‍; അങ്കമാലി സീറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു

തിരുവനന്തപുരം: യുഡിഎഫ് കൂടെ കൊണ്ടു നടന്ന് ക്രൂരമായി വഞ്ചിച്ചെന്ന് ജോണി നെല്ലൂര്‍. അങ്കമാലി സീറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു എന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി ജോണി നെല്ലൂര്‍. പാര്‍ട്ടിയുടെ അടിയന്തര നേതൃ യോഗം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൂവാറ്റുപുഴയില്‍ ചേരും. നാല് സീറ്റുകളില്‍ മത്സരിച്ചിരുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജോണി നെല്ലൂര്‍.

യുഡിഎഫിനെതിരെ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ യുഡിഎഫിനും മന്ത്രിമാര്‍ക്കും വേണ്ടി ശക്തമായി പോരാടിച്ച ആളാണ് താനെന്നും ജോണി നെല്ലൂര്‍. യുഡിഎഫിന് വേണ്ടി ഇക്കാലമത്രയും ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയെന്ന നിലയില്‍ യുഡിഎഫ് കാണിക്കുന്ന അനീതി എത്ര വലുതാണെന്ന് ജനങ്ങളും മാധ്യമങ്ങളും ചര്‍ച്ച ചെയ്യട്ടേ. ഇങ്ങനെ അപമാനിച്ച് ഒരു പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ തകരില്ലെന്ന് മാത്രമല്ല പല പ്രതിസന്ധികളിലൂടെയും അതിജീവിച്ച് മുന്നോട്ട് പോകുന്ന പ്രസ്ഥാനവുമാണിത്. അപമാനിതനായെന്ന് കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. അധാര്‍മ്മികതക്കും അഴിമതിക്കും എതിരെ അതിശക്തമായി മുന്നോട്ട് പോകാനാണ് വ്യക്തിപരമായി ആലോചിക്കുന്നത്. വൈകീട്ടത്തെ യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.