സ്വത്ത് വിവരം പുറത്തുവിടരുതെന്ന് സംസ്ഥാനത്തെ ആറ് എംഎല്‍എമാര്‍; സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്വത്ത് വിവരം പുറത്തുവിടരുതെന്ന് സംസ്ഥാനത്തെ ആറ് എംഎല്‍എമാര്‍. തങ്ങളുടെ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്നാല്‍ 127 എംഎല്‍എമാരാകട്ടെ ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കിയത് പോലുമില്ല. അതേസമയം ഏഴ് എംഎല്‍എമാര്‍ തങ്ങളുടെ സ്വത്ത് വിവരം സംബന്ധിച്ചുളള സത്യവാങ്മൂലം വിവരാവകാശം വഴി ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാമെന്ന് ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.

എന്‍.എ നെല്ലിക്കുന്ന്,കെ.ടി ജലീല്‍, ഇ.എസ് ബിജിമോള്‍,പി.എ മാധവന്‍, സി.ദിവാകരന്‍, കെ.അച്യുതന്‍, അബ്ദുസ്സമദ് സമദാനി എന്നീ എംഎല്‍എമാരാണ് തങ്ങളുടെ സ്വത്ത് വിവരം പൊതുജനങ്ങള്‍ക്ക് വിവരാവകാശം വഴി കൈമാറാമെന്ന് ഗവര്‍ണറെ അറിയിച്ചത്. അതേസമയം കെ.മുരളീധരന്‍, കെ.ബി ഗണേഷ്‌കുമാര്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി.മമ്മൂട്ടി, കെ.ശിവദാസന്‍ നായര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്നും, വിവരാവകാശം വഴി ഇത്തരം വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നുമാണ് ഗവര്‍ണറെ രേഖാമൂലം അറിയിച്ചത്. ഈ രണ്ടുകൂട്ടരും ഒഴികെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും അടക്കമുളള 127 എംഎല്‍എമാരും ഗവര്‍ണറുടെ ഓഫിസില്‍ നിന്നുളള കത്തിന് മറുപടി നല്‍കിയിട്ടില്ല. 1999ലാണ് എംഎല്‍എമാര്‍ തങ്ങളുടെയും, കുടുംബാംഗങ്ങളുടെയും ആസ്തി ബാധ്യതകളെ സംബന്ധിച്ച പൂര്‍ണ വിവരം രണ്ടുവര്‍ഷം കൂടുമ്പോള്‍ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്ന് കേരള ലോകായുക്ത നിയമം കൊണ്ടുവന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവ തടയുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി എംഎല്‍എമാര്‍ തങ്ങളുടെ ആസ്തി ബാധ്യതകളെക്കുറിച്ച് രണ്ടുവര്‍ഷം കൂടുമ്പോള്‍ നിയമസഭ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, സെക്രട്ടറി അത് ഗവര്‍ണര്‍ക്ക് നല്‍കുകയുമാണ് ചെയ്യാറ്.

© 2024 Live Kerala News. All Rights Reserved.