വാര്‍ത്താലോകത്ത് നിന്ന് രാഷ്ട്രീയ ഗോദയിലേക്ക്’ ; മാധ്യമചര്‍ച്ചകളില്‍ ഇനി എം വി നികേഷ് കുമാര്‍ ഇല്ലാത്തകാലം

പ്രത്യേക ലേഖകന്‍

കണ്ണൂരിന്റെ കരുത്തനായ രാഷ്ട്രീയ പോരാളി എംവി രാഘവന്റെ മകന്‍ എന്നതിലപ്പുറം എം വി നികേഷ് കുമാര്‍ എന്ന പേരിനൊപ്പം കൂട്ടിവായിക്കേണ്ടത് അദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന ചരിത്രം തന്നെയാണ്. മലയാളിയെ വാര്‍ത്ത കാണാനും വാര്‍ത്തകളില്‍ സംവദിക്കാനും പഠിപ്പിച്ച ഇന്ത്യാവിഷനാണ് നികേഷ് കുമാറെന്ന് വ്യക്തിയ്ക്ക് മാധ്യമലോകത്ത് മേല്‍വിലാസം നല്‍കിയത്. തുടക്കം ഏഷ്യാനെറ്റിലായിരുന്നെങ്കിലും ഇന്ത്യാവിഷനിലാണ് നികേഷിന്റെ അസാധാരണ കഴിവ് മലയാളി കണ്ടത്. സ്വന്തം ചാനലായ റിപ്പോര്‍ട്ടറില്‍പോലും ഇന്ത്യാവിഷനോളം ശോഭിക്കാന്‍ നികേഷിന് കഴിഞ്ഞതുമില്ല. ഏഷ്യനെറ്റില്‍ നിന്നുള്ള പരിചയം പ്രണയമായപ്പോള്‍ റാണി വര്‍ഗീസ് നികേഷിന്റെ ജീവിതപങ്കാളിയുമായി. 20 ാംവയസ്സില്‍ ഏഷ്യാനെറ്റിലൂടെയാണ് തുടക്കം. 30 ാം വയസ്സില്‍ ഇന്ത്യാവിഷനില്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍. 37 ാം വയസ്സില്‍ റിപ്പോര്‍ട്ടര്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. സ്വന്തം അച്ഛനെ പോലും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിച്ച മാധ്യമപ്രവര്‍ത്തനം; ദൃശ്യമാധ്യമരംഗത്തെ അത്ഭുതമായി മാറിയങ്ങനെ.

26-1435315944-nikesh-kumar-4
തൊഴില്‍ മേഖല എന്നതിനപ്പുറത്ത് മലയാളം ദൃശ്യമാധ്യമരംഗത്ത് അത്യപൂര്‍വമായ ചരിത്രവും മുന്നനുഭവങ്ങളില്ലാത്ത പ്രതിബദ്ധതയും രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ് എംവി നികേഷ്‌കുമാര്‍. എംവി രാഘവന്‍ എന്ന രാഷ്ട്രീയബിംബത്തിനപ്പുറത്തേക്ക് വളരുകയും സ്വന്തം വഴി വെട്ടിത്തെളിക്കുകയും ചെയ്ത് മലയാളികളുടെ വാര്‍ത്താശീലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്താ ചാനല്‍സംസ്‌കാരം നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ നായകത്വം വഹിച്ചു നികേഷ്‌കുമാര്‍. അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടതുപക്ഷ മതേതരമനസ്സ് സൂക്ഷിക്കാനും താന്‍ പ്രതിനിധാനം ചെയ്യുന്ന ഇടങ്ങളില്‍ അത് പ്രയോഗതലത്തില്‍ കൊണ്ടുവരാനും നികേഷ്‌കുമാറിന് കഴിഞ്ഞിട്ടുണ്ട്. 1973 ഒക്ടോബര്‍ 7ല്‍ എംവിരാഘവന്റെയും ജാനകിയുടെയും മകനായാണ് ജനനം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ പഠനത്തിന് ശേഷം ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അങ്ങനെ 20 വയസ്സില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യവാര്‍ത്ത സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ചാനലായി ചരിത്രത്തിലിടം പിടിച്ച ഏഷ്യാനെറ്റിന്റെ വാര്‍ത്താസംഘത്തോടൊപ്പം ചേര്‍ന്നു. അവിടെ നിന്നാരംഭിച്ച മാധ്യമപ്രവര്‍ത്തനമാണ് മലയാളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ ഭാവുകത്വം നിര്‍ണയിച്ച സുപ്രധാന ചുവടുവെപ്പിലേക്ക് മാറുന്നത്. ഏഷ്യാനെറ്റില്‍ ഡല്‍ഹി ബ്യൂറോചീഫായിരിക്കെ ദേശീയ അന്തര്‍ദേശീയമായ നിരവധി വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിച്ചു. 2003 ല്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് തുടക്കമിട്ടു. ഒരുവാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകനായി, ഇന്ത്യാവിഷനിലൂടെ മറ്റൊരു ചരിത്രവും നികേഷ്‌കുമാര്‍ സൃഷ്ടിച്ചു. പിന്നീട് ഇന്ത്യാവിഷന്റെ സിഇഒ കൂടിയായി. 2010 വരെ നികേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യാവിഷനിലൂടെ കേരളത്തിന്റെ ഗതിനിര്‍ണയിച്ച വാര്‍ത്തകളും തുടര്‍സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

maxresdefault

രാഷ്ട്രീയമോ, ജാതിമതപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ പക്ഷപാതിത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ ജനപക്ഷ മാധ്യമപ്രവര്‍ത്തനം എന്താണ് എന്ന് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും തെളിയിച്ചു. സ്വന്തം അച്ഛനായ എംവി രാഘവനെ പോലും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യാവിഷനിലൂടെ നികേഷ് നിര്‍ത്തിപ്പൊരിക്കുന്നത് ചാനല്‍പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടുനിന്നു. ഈ വഴിയിലൂടെ നികേഷ്‌കുമാറിന്റെ മാധ്യമശിക്ഷണത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവന്ന വാര്‍ത്താ ചാനല്‍സംസ്‌കാരം തന്നെ നിര്‍ണയിക്കപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ പുത്തന്‍ ഭാവുകത്വം സൃഷ്ടിക്കപ്പെട്ട മലയാളം ടെലിവിഷന്‍ വാര്‍ത്താ രീതിയുടെ സ്വീകാര്യത കൂടി പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അഴീക്കോട് നടക്കുന്നത്. എംവിരാഘവന്റെ തട്ടകമായ അഴീക്കോട് അതേ അച്ഛന്റെ വ്യത്യസ്തനായ മകന്‍ തനിക്ക് വേണ്ടി വോട്ടുചോദിക്കാനെത്തുകയാണ്. ഇടതുപക്ഷത്തിന്റെ ബാനറിലാണ് വരവെങ്കിലും നികേഷ്‌കമാറിന്റെ ഇത്രയുംകാലത്തെ മാധ്യമപ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടും എന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ടര്‍ ചാനല്‍ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് തകര്‍ച്ച നേടരിടുന്നതിനിടെയാണ് നികേഷ് മാധ്യമപ്രവര്‍ത്തനം വിടുന്നത്.

© 2024 Live Kerala News. All Rights Reserved.