ഭീകരവാദം തടയാന്‍ കഴിയുന്നില്ല; ഐക്യരാഷ്ട്രസഭയുടെ പ്രസക്തി നഷ്ടപ്പെട്ടു; ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് നരേന്ദ്രമോഡി

ബ്രസല്‍സ്: ഭീകരവാദം തടയാന്‍ കഴിയാത്ത ഐക്യരാഷ്ട്രസഭയുടെ പ്രസക്തി നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി നേരന്ദ്രമോഡി. ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.ലോക രാജ്യങ്ങള്‍ക്കിടയില്‍ സഭയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ‘തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ തല കുനിക്കില്ല. എന്നാല്‍ ഭീകരവാദം ചെറുക്കുക വെല്ലുവിളി നിറഞ്ഞതാണ്. മത നേതാക്കളടക്കമുള്ള പല പ്രമുഖ ലോക നേതാക്കളുമായി ഞാന്‍ സംസാരിച്ചു. മതത്തില്‍ നിന്ന് ഭീകരവാദത്തെ വേര്‍തിരിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരോട് പറഞ്ഞു. ഒരു മതവും തീവ്രവാദം പഠിപ്പിക്കുന്നില്ല’, പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിലെത്തിയ പ്രധാനമന്ത്രി ഭീകരാക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളം സന്ദര്‍ശിച്ചു. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി പിന്നീട് വാഷിങ്ടണിലേക്ക് തിരിച്ചു.

© 2024 Live Kerala News. All Rights Reserved.