തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്‍ തടവറയില്‍ തന്നെ; മോചനദ്രവ്യം ആവശ്യപ്പെട്ട് ഐഎസിന്റെ വീഡിയോ; ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്‍ തടവറയില്‍ തന്നെ. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായാണ് സൂചന. രണ്ടുപേരുള്ള വീഡിയോയില്‍ ഫാ.ടോമാണ് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന നടത്തുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്.

ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അബുദാബി രൂപതാ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചിരുന്നു. ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ അബുദാബിയിലെ സഭാനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. കേന്ദ്ര സര്‍ക്കാരും കത്തോലിക്കാ സഭാനേതൃത്വവും ഐഎസുമായി ചര്‍ച്ച നടത്തി വരികയാണെന്നു സൂചനയുണ്ട്. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കുന്നതിന് ഐഎസ് വന്‍ തുക ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണു സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് നാലിനായിരുന്നു സംഭവം.

© 2024 Live Kerala News. All Rights Reserved.