140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും; നടപ്പാകുന്നത് പിണറായിസം; ജോര്‍ജ്ജിന് വിനയായത് സ്വന്തം നാവ് തന്നെ

തിരുവനന്തപുരം: 140 മണ്ഡലങ്ങളിലും നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വെട്ടേണ്ടവരെയും കൂട്ടിച്ചേര്‍ക്കേണ്ടവരെയുമൊക്കെ തീരുമാനിക്കുന്നത് പിണറായി വിജയന്‍ തന്നെ. പി സി ജോര്‍ജ്ജിന് വിനയായത് സ്വന്തം നാവ് തന്നെയായിരുന്നു. അനാവശ്യമായി നാവിട്ടലയ്ക്കുന്ന ജോര്‍ജ്ജ് മുന്നണിയില്‍ വന്നാല്‍ തലവേദനയ്ക്ക് കുറവൊന്നുമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. ഗൗരിയമ്മയ്ക്കു സീറ്റ് നല്‍കാന്‍ സിപി.എം തയാറായിരുന്നെങ്കിലും അവര്‍ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കി. എങ്കില്‍ അവര്‍ക്കൊപ്പമുള്ള ആര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നു സിപിഎം തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ് (എം) വിട്ടു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗമാണു വി. സുരേന്ദ്രന്‍പിള്ളയ്ക്കു വിനയായത്. സുരേന്ദ്രന്‍പിള്ള കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു വിട്ടുനല്‍കി. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ ഇടതുപക്ഷത്തെത്തിക്കാന്‍ നിര്‍ണായകപങ്ക് വഹിച്ചത് ആന്റണി രാജുവാണ്. അദ്ദേഹത്തിനായി തിരുവനന്തപുരം വിട്ടുകിട്ടണമെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ശഠിച്ചതോടെയാണു സുരേന്ദ്രന്‍പിള്ളയെ ഇടതുമുന്നണി തഴഞ്ഞത്. സുരേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്‌സരിച്ച കോതമംഗലം സീറ്റും തിരിച്ചെടുത്തു. പാര്‍ട്ടി നേതാവ് സ്‌കറിയാ തോമസിനു മത്സരിക്കാന്‍ കടുത്തുരുത്തി മണ്ഡലം ലഭിച്ചതു മാത്രമാണ് ആശ്വാസം.
അവഗണനയ്‌ക്കെതിരേ സ്‌കറിയാ തോമസ് വിഭാഗം ഇടതുമുന്നണി യോഗത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതായാണു സൂചന. സുരേന്ദ്രന്‍പിള്ളയെ കൈയൊഴിയുന്നതു രാഷ്ട്രീയമര്യാദയല്ലെന്നു സി.പി.ഐയും അഭിപ്രായപ്പെട്ടു. യോഗത്തില്‍ തങ്ങളുടെ വിയോജിപ്പു രേഖപ്പെടുത്തണമെന്നു പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സുരേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ സ്‌കറിയാ തോമസ് വിഭാഗം ഇന്നു സംസ്ഥാനസമിതി ചേരും. പൂഞ്ഞാറില്‍ ജോര്‍ജിന് സീറ്റ് നല്‍കാനാവില്ലെന്ന പിണറായിയുടെ ഉറച്ചനിലപാടിനു മുന്നില്‍ സി.പി.എം. നേതൃത്വവും മുന്നണിയും വഴങ്ങുകയായിരുന്നു. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം മുന്നണിയുടെ പ്രതിഛായയ്ക്കു മങ്ങലേല്‍പ്പിക്കുമെന്നു പിണറായി വാദിച്ചു. ഇതോടെ ജോര്‍ജ് ഏറെ പ്രതീക്ഷ പുലര്‍ത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും അദ്ദേഹത്തെ കൈവിട്ടു. സീറ്റ് അഭ്യര്‍ഥനയുമായി പലതവണ ജോര്‍ജ് എ.കെ.ജി. സെന്ററിലെത്തി സി.പി.എം. നേതാക്കളെ കണ്ടിരുന്നു. ജോര്‍ജുമായി കൂടിക്കാഴ്ചയ്ക്കു കോടിയേരിയും വൈക്കം വിശ്വനും തയാറായെങ്കിലും പിണറായി വിസമ്മതിച്ചു. ഇടതുമുന്നണി തന്നെ ചതിക്കില്ലെന്നായിരുന്നു കോടിയേരിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ജോര്‍ജിന്റെ പ്രതികരണം. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരേ ജോര്‍ജ് നടത്തിയ കടന്നാക്രമണമാണ് അദ്ദേഹത്തെ അനഭിമതനാക്കിയതെന്നാണു സൂചന.

© 2024 Live Kerala News. All Rights Reserved.