എ ഐ ഗ്രൂപ്പ് നേതാക്കള്‍ ഒരേ നിലപാടില്‍; സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ വിഎം സുധീരന്‍ ഒറ്റപ്പെട്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നിയന്ത്രണം അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: എ ഐ ഗ്രൂപ്പ് നേതാക്കള്‍ ഒരേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഒറ്റപ്പെട്ടു . സ്ഥാനാര്‍ത്ഥി നിയന്ത്രണത്തിന് മാനദണ്ഡം വേണം എന്നുള്ള സുധീരന്റെ ആവശ്യം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തള്ളി. തുടര്‍ച്ചയായി ജയിച്ചവരെ ഒഴിവാക്കുന്നതിനോടും എതിര്‍പ്പ് പ്രകടിക്കപ്പെട്ടു. കേരള നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ ആദ്യ യോഗം പ്രാഥമിക ധാരണ രൂപപ്പെടുത്താന്‍ കഴിയാതെ പിരിഞ്ഞു. പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കണമെന്ന് വാദിക്കുന്ന വിഎം സുധീരനെതിരെ കടുത്ത വിമര്‍ശമാണ് ആര്യാടന്‍ മുഹമ്മദ്, കെ. മുരളീധരന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയത്. ജയസാധ്യതക്ക് മുന്‍തൂക്കം നല്‍കണമെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു. അതേസമയം, പലവട്ടം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് യുവനേതാക്കളും മഹിളാ സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മത്സരിച്ചു ജയിക്കുന്നത് കുറ്റമല്ലെന്ന വാദമാണ് ആര്യാടനും മുരളീധരനും അടക്കമുള്ളവര്‍ പ്രകടിപ്പിച്ചത്. സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കാന്‍ പാടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണനക്ക് അയക്കുന്ന ലിസ്റ്റില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കു പുറമെ മറ്റാരുടെയും പേര് ഉള്‍പ്പെടുത്തേണ്ടതില്ല. തുടര്‍ച്ചയായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും സമ്മേളിക്കും.

© 2024 Live Kerala News. All Rights Reserved.