ലാഹോറിലെ വന്‍ സ്‌ഫോടനത്തില്‍ 69 മരണം; മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; ഉത്തരവാദിത്തം താലിബാന്‍ സംഘടന ഏറ്റെടുത്തു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലെ വന്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പാക് താലിബാന്‍ ഗ്രൂപ്പിലെ സംഘടനയായ ജമാഅത്ത് ഉല്‍ അഹ്‌റാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘടനയുടെ വക്താവ് അഹ്‌സാനുള്ള അസ്ഹര്‍ പറഞ്ഞു.

ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൗണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40 നു ചാവേര്‍ പൊട്ടിത്തെറിച്ചത്. പാര്‍ക്കിന്റെ ഒരു പ്രവേശനകവാടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം. അവധി ദിവസമായതിനാല്‍ പതിവിലേറെ ആള്‍ക്കാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു. ഈസ്റ്റര്‍ അവധി ആയതിനാല്‍ ധാരാളം ക്രൈസ്തവരും പാര്‍ക്കിലുണ്ടായിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പത്തു കിലോഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നു ലാഹോര്‍ ഡിഐജി ഹൈദര്‍ അഷ്‌റഫ് പറഞ്ഞു. ചാവേര്‍ ആക്രമണമാണെന്ന് ഇഖ്ബാല്‍ ടൗണ്‍ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. കുട്ടികളുടെ ഊഞ്ഞാലുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് ഏതാനും അടി അകലെയാണു ചാവേര്‍ പൊട്ടിത്തെറിച്ചത്. ഊഞ്ഞാലില്‍ ആടിയിരുന്ന കുട്ടികള്‍ തെറിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നഗരത്തിലെ പ്രധാന ആശുപത്രികളായ ജിന്നാ, ഷെയ്ക് സയീദ് തുടങ്ങിയവയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

© 2024 Live Kerala News. All Rights Reserved.