അഞ്ച് മിനിറ്റ് സമയംകൊടുക്കൂ; ഈ കൊച്ചുമിടുക്കി തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളുടെയും പേര് പറയും

ചെന്നൈ: കേവലം അഞ്ച് മിനിറ്റ് സമയം ഈ കൊച്ചുമിടുക്കിക്ക് നല്‍കിയാല്‍ തമിഴകത്തെ 234 മണ്ഡലങ്ങളുടെയും പേര് ഇവള്‍ പറയും. രണ്ടാം ക്ലാസുകാരി പ്രീതിയുടെ അസാധാരണ കഴിവില്‍ അത്ഭുതപ്പെടുകയാണ് തമിഴകം. തെരഞ്ഞെടുപ്പിനെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഈ കൊച്ചു മിടുക്കി എത്തുക. വില്ലനൂര്‍ പഞ്ചായത്തിലാണ് പ്രീതിയുടെ വീട്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളുടെയും പേര് അഞ്ചുമിനിറ്റിനുള്ളില്‍ പറയുന്ന പ്രീതി ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു തുടങ്ങിയിരിക്കുകയാണ്. നിസാര ഷോര്‍ട്ട് ഫിലിമില്‍ അല്ല. സംസ്ഥാനത്തെ മുഴുവന്‍ ആളുകളിലേയ്ക്കും തെരഞ്ഞെടുപ്പിന്റെ ആവശ്യകത അറിയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ മിടുക്കി. ആരിനഗര്‍ അണ്ണാ ഗവണ്‍മെന്റ് ആര്‍ട്‌സ്‌കോളേജില്‍ നടന്ന ചടങ്ങില്‍ എല്ലാ കണ്ണുകളും പ്രീതിയിലായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും മണ്ഡലങ്ങളുടെ പേര് പറയാന്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രീതി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ചടങ്ങിനൊടുവില്‍ ജില്ലാ കളക്ടര്‍ 2,100 രൂപ പ്രീതിക്ക് സമ്മാനമായി നല്‍കി. തന്റെ ടീച്ചറാണ് മണ്ഡലങ്ങളുടെയെല്ലാം പേര് പഠിപ്പിച്ചുതന്നതെന്ന് പ്രീതി പറയുന്നു. പ്രീതിയുടെ കഴിവ് കണ്ട് ശ്രമിക്കാന്‍ മാത്രമേ താന്‍ പറഞ്ഞുള്ളുവെന്നും എന്നാല്‍ വെറും പത്തു ദിവസം കൊണ്ട് പ്രീതി പേരുകള്‍ മുഴുവന്‍ കാണാതെ പറഞ്ഞുവെന്നും ടീച്ചര്‍ പറയുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ കഴിവുകളുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തങ്ങളുടെ ശ്രമം എന്ന് ഇലക്ഷന്‍ ഓഫീസര്‍ രാജേഷ് ലകാനി പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികളിലേക്ക് തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി 1,200 കുട്ടികളെ വിവിധ കോളേജുകളില്‍ നിന്നായി തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. എന്തായാലും പ്രീതി നമ്മളെ ഞെട്ടിച്ചുകളയുകതന്നെ ചെയ്യും.

© 2024 Live Kerala News. All Rights Reserved.