സംസ്ഥാനത്ത് 30 ഹോട്ടലുള്‍ക്ക് കൂടി ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ്; നിലവാരമില്ലാത്ത ഹോട്ടലുകളാണ് ബഹഭൂരിഭാഗവും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് കുമിഞ്ഞുകൂടാന്‍വേണ്ടി നിലവാരമില്ലാഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പുതുതായി 30 ഹോട്ടലുകള്‍ക്ക് കൂടി ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിച്ചു. പഞ്ചനക്ഷത്ര പദവി സംഘടിപ്പിച്ച് മദ്യം വിളമ്പാനുള്ള ലൈസന്‍സ് തരപ്പെടുത്താനും പല ഹോട്ടലുകളും ശ്രമിക്കുന്നുണ്ട്. ഫോര്‍ സ്റ്റാര്‍ പദവിയുള്ള നൂറിലധികം ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവിക്കുവേണ്ടി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അതില്‍ 20 എണ്ണം ഫൈവ് സ്റ്റാറിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്നവയില്‍ പണി പുരോഗമിക്കുകയാണ്. പഞ്ചനക്ഷത്ര പദവി നേടുന്നതോടെ ഇവയ്ക്ക് മദ്യം വിളമ്പാന്‍ അനുമതി ലഭിക്കും. ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ 806 ഹോട്ടലുകള്‍ക്കാണ് ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സുള്ളത്. പൂട്ടിപ്പോയ ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലറാക്കി മാറ്റിയതാണ് ഇതില്‍ 670 എണ്ണം. മദ്യം വിളമ്പുന്ന ബാറുകള്‍ 28 എണ്ണമാണ്. 19 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒന്‍പത് ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലുകളും. 306 വിദേശമദ്യ വില്‍പന ശാലകളും സംസ്ഥാനത്തുണ്ട്. ഇതിനു പുറമെ 33 ക്ലബുകള്‍ക്ക് മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഉണ്ട്. ഇത് കൂടാതെയാണ് 30 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.