വി ഡി രാജപ്പന്‍ ഇനി ഓര്‍മ്മ; കഥാപ്രസംഗങ്ങളിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: കഥാപ്രസംഗങ്ങളിലൂടെയും മികച്ച ഹാസ്യനടനായും ശോഭിച്ച വി.ഡി. രാജപ്പന്‍ ഇനി ഓര്‍മ്മ. 66 വയസ്സായിരുന്നു.  കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമാണ് നാടുനീങ്ങിയത്. എഴുപതുകളിലാണ് ഹാസ്യത്തിന്റെ മേമ്പൊടിയുമായി കഥാപ്രസംഗവുമായി രാജപ്പന്‍ ജൈത്രയാത്ര തുടങ്ങിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ചു.  കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികള്‍ അദ്ദേഹത്തിന്റെ ഹാസ്യകലാപ്രകടനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രിയേ നിന്റെ കൊര, കുമാരി എരുമ, പോത്തുപുത്രി, മാക്മാക്, ചികയുന്ന സുന്ദരി തുടങ്ങിയ കഥകള്‍ ഒട്ടേറെ നിറഞ്ഞ വേദികളില്‍ കയ്യടി നേടി.കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ആലിബാബയും ആറരക്കള്ളന്മാരും’ എന്ന ചിത്രത്തിലെ അഭിനയത്തോടെ സിനിമാരംഗത്തുനിന്നു വിടവാങ്ങി. അതില്‍ ബഹുഭൂരിഭാഗവും നര്‍മ്മം തൊട്ടറിഞ്ഞ വേഷങ്ങളും. വി ഡി രാജപ്പന്‍ ഇനി മലയാളികളുടെ മനസ്സില്‍ ജീവിക്കും.

© 2024 Live Kerala News. All Rights Reserved.