ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്; വ്രതദിനങ്ങള്‍ വെട്ടിക്കുറയ്ക്കണം; കേസരിയില്‍ ലേഖനം

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ് രംഗത്ത്. സംഘടനയുടെ മുഖപത്രമായ കേസരിയിലാണ് ഇത് സംബന്ധിച്ച് ലേഖനമുള്ളത്. നിലവില്‍ ശബരിമലയില്‍ പോകണമെങ്കില്‍ 41 ദിവസം വ്രതം അനുഷ്ഠിക്കണം. എന്നാല്‍ പത്തിനും, അന്‍പതിനും ഇടയ്ക്കുളള സ്ത്രീകള്‍ക്ക് 14 ദിവസത്തെ വ്രതം മതിയെന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡും തന്ത്രി കൂട്ടായ്മയും അനുകൂലിക്കുന്നില്ല. ജാതിമത ചിന്തകള്‍ക്കപ്പുറം ആര്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്നിരിക്കെ സ്ത്രീകളെ മാത്രം തടയുന്നത് നീതികരിക്കാനാകില്ലെന്ന് ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ പത്രാധിപര്‍ എം.എ കൃഷ്ണനും പറയുന്നു. നേരത്തെ രാജസ്ഥാനില്‍ ഈ മാസം ആദ്യം നടന്ന ദേശീയ പ്രതിനിധിസഭ ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പത്തിനും, അന്‍പതിനും ഇടയില്‍ പ്രായമുളള അയ്യപ്പഭക്തരായ സ്ത്രീകള്‍ക്ക് മല കയറാന്‍ വ്രതകാലം 14 ദിവസമായി ചുരുക്കണം, നിലവിലുളള ആചാരനുഷ്ഠാനങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളില്‍ മനുഷ്യന്‍ തന്നെ സൃഷ്ടിച്ചവയാണെന്നും ഇതില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വേണം, ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ ശബരിമല ദര്‍ശനം ഒഴിവാക്കുക, യുവതികള്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുക, 365 ദിവസവും നടതുറക്കുക എന്നിങ്ങനെയുളള നിര്‍ദേശങ്ങളാണ് ആര്‍എസ്എസ് മുന്നോട്ട് വെക്കുന്നത്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് ആവശ്യമുയര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനയായിരുന്നു.

© 2024 Live Kerala News. All Rights Reserved.