തിരുവനന്തപുരം സീറ്റ് നല്‍കാമെന്ന് ബിജെപി വ്യക്തമാക്കിയിട്ടും സുരേഷ് ഗോപി ഇടഞ്ഞുതന്നെ; താരം ലക്ഷ്യംവെയ്ക്കുന്നത് എന്താണ്?

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ സീറ്റു നല്‍കാമെന്ന് ബിജെപി നേതൃത്വം സുരേഷ് ഗോപിയെ അറിയിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ താരം ഒഴിഞ്ഞുകളിക്കുന്നു. സുരേഷ് ഗോപി ഇടഞ്ഞതിന്റെ കാര്യം എന്താണെന്ന് ബിജെപി നേതാക്കള്‍ക്കും അവ്യക്തം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരുവനന്തപുരം സീറ്റില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. എന്‍എസ്എസ് ആസ്ഥാനത്തെത്തി അപഹാസ്യനായി മടങ്ങിയപ്പോഴും ബിജെപിക്ക് വേണ്ടിതന്നെയായിരുന്നു സുരേഷ് ഗോപിയുടെ ഓരോ നീക്കങ്ങളും. എന്നാലിപ്പോഴത്തെ ഇടച്ചിലിന് പിന്നിലെ ലക്ഷ്യം എന്താണ് താരത്തിന് മാത്രമേ അറിയുകയുള്ളുവെന്ന് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിരുന്നു. സുരേഷ് ഗോപി ഇപ്പോഴും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. സംവിധായകന്‍ രാജസേനനെ നെടുമങ്ങാടോ അരുവിക്കരയിലോ മല്‍സരിപ്പിക്കാനാണ് ധാരണയായത്. നെടുമങ്ങാടു നിന്നു രാജസേനന്‍ ഒഴിവായാല്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് മല്‍സരിക്കും. അരുവിക്കരയില്‍ ബിജെപി വക്താവ് ജെ.ആര്‍. പദ്മകുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്. പാറശാലയില്‍ ദേശീയ കൗണ്‍സില്‍ അംഗം കരമന ജയനും നെയ്യാറ്റിന്‍കരയില്‍ ഓള്‍ ഇന്ത്യ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പുഞ്ചക്കരി സുരേന്ദ്രനും പോരിനിറങ്ങും. ചിറയിന്‍കീഴില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവയാകും സ്ഥാനാര്‍ഥി. ബിഡിജെസുമായുള്ള സീറ്റ് വിഭജനമാകാം താരത്തെ ചൊടിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. അതേസമയം സുരേഷ് ഗോപി എസ് പറഞ്ഞാല്‍ തിരുവനന്തപുരം സീറ്റ് ഷുവറായി നല്‍കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.