വിഎസ് പക്ഷക്കാരെ വെട്ടിനിരത്തി സിപിഎം സ്ഥാനാര്‍ഥി പട്ടിക തയ്യാറാകുന്നു; വിഎസിനൊപ്പം ഉറച്ചുനിന്ന പലരും നിയമസഭ കാണില്ല

തിരുവനന്തപുരം: വിഎസ് പക്ഷക്കാരെ വെട്ടിനിരത്തി സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാകുന്നു. അന്തിമഘട്ടത്തിലേക്കടുക്കുമ്പോവാണ് വിഎസ് പക്ഷക്കാര്‍ പലരും പുറത്തയത്. സിറ്റിങ് എംഎല്‍എമാരായ പി.കെ. ഗുരുദാസനും സി.കെ. സദാശിവനും ഒഴിവാക്കപ്പെട്ടതോടെ പട്ടികയിലെ വിഎസ് പക്ഷക്കാര്‍ നാമമാത്രമായി. സംസ്ഥാന കമ്മിറ്റിയില്‍ വിഎസിനു വേണ്ടി ഉറച്ച നിലപാടെടുത്തവരെല്ലാം നിയമസഭയ്ക്കു പുറത്താകുന്ന സ്ഥിതിയാണ്. തവിഎസ് ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ഗുരുദാസനു വീണ്ടും കൊല്ലം നല്‍കണമെന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഒഴിവാക്കി. സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിച്ചു ഗുരുദാസന്‍ തന്നെ മുകേഷിന്റെ പേരു നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസിനു വേണ്ടി ശബ്ദിച്ചിരുന്നതു ഗുരുദാസനാണ്. സംസ്ഥാന കമ്മിറ്റിയിലും പുറത്തും വിഎസിനു വേണ്ടി വാദിച്ചിരുന്ന സി.കെ. സദാശിവനെ കായംകുളത്ത് നിന്ന് ഒഴിവാക്കി. വിഎസ് പക്ഷ കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈനെ സ്ഥാനാര്‍ഥിപ്പട്ടികയിലേക്കു പരിഗണിച്ചിട്ടില്ല. അതേസമയം വിഎസ് പക്ഷത്തുള്ള ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയില്‍ സീറ്റ് ലഭിച്ചു.

ചെങ്ങന്നൂരില്‍ നിന്ന് സി.എസ്. സുജാതയെ ഒഴിവാക്കി. ഇവിടെ മത്സരിക്കുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍ വിഎസ് പക്ഷക്കാരനാണെങ്കിലും അദ്ദേഹം ഏരിയാകമ്മിറ്റി അംഗം മാത്രമാണ്. തിരുവനന്തപുരത്തു വിഎസ് ചേരിയിലുള്ള പിരപ്പന്‍കോട് മുരളി, എം. വിജയകുമാര്‍ എന്നിവര്‍ക്കും അവസരം നിഷേധിച്ചു. നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറിയായ കെ.എ. ആന്‍സലനാണു ജില്ലയില്‍ സീറ്റ് ലഭിച്ചിട്ടുള്ള ഒരേയൊരാള്‍. എറണാകുളത്ത് എസ്. ശര്‍മയെ തുടരാന്‍ അനുവദിച്ചുവെങ്കിലും മറ്റാര്‍ക്കും അവസരം ലഭിച്ചില്ല. പാലക്കാട് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ എം. ചന്ദ്രനെയും (ആലത്തൂര്‍) ഒഴിവാക്കി. നെന്മാറയില്‍ കെ. ചെന്താമരക്ഷാനും പുറത്തായി. ചന്ദ്രനു പകരം വിഎസ് പക്ഷത്തെ കെ.ഡി. പ്രസേനനെയാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റിയിലേക്കു തിരിച്ചുവന്ന എന്‍.എന്‍. കൃഷ്ണദാസിനു പാലക്കാട് നല്‍കിയതാണ്് വിഎസ് പക്ഷത്തിന് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ വക നല്‍കുന്നത്. അതേസമയം കടുത്ത വിഎസ് പക്ഷക്കാരനായ വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.