മുഖ്യനിട്ടൊരു തട്ടുമായി സുധീരന്‍; ഹോപ്പ് പ്ലാന്റേഷന്‍ വിഷയത്തിലെഴുതിയ കത്ത് എഫ്ബിയില്‍; കത്ത് പരസ്യപ്പെടുത്തിയത് എ-ഐ ഗ്രൂപ്പുയോഗത്തിന് പിന്നാലെ

കൊച്ചി: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്ത്. പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്‍ കൈയ്യടക്കി വെച്ച മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കത്ത് അയച്ചിരുന്നു. ഇതാണ് സുധീരന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്. ഇന്നു രാവിലെ സുധീരനെതിരെ തിരുവനന്തപുരത്ത് മന്ത്രി കെ.സി ജോസഫിന്റെ വസതിയില്‍ ഐ,എ ഗ്രൂപ്പുകളുടെ സംയുക്ത യോഗം നടന്നതിനു പിന്നാലെയാണ് കത്ത് വെളിപ്പെടുത്തി സര്‍ക്കാരിനെതിരെ വീണ്ടും സുധീരന്‍ ആഞ്ചടിച്ചത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പാണ് സുധീരന്‍ പ്രസിദ്ധപ്പെടുത്തിയത്.

കത്തിന്റെ പ്രസക്തഭാഗങ്ങള്‍

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ ഹോപ്പ് പ്ലാന്റേഷന്‍ കയ്യടക്കിവെച്ചിരിക്കുന്ന 1303.72 ഏക്കര്‍ സ്ഥലം മിച്ചഭൂമിയാണെന്ന് 1976 ല്‍ പീരുമേട് താലൂക്ക് ലാന്റ് ബോര്‍ഡ് കണ്ടെത്തുകയും മിച്ചഭൂമി ഏറ്റെടുക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹോപ്പ് പ്ലാന്റേഷന്‍ ഹൈക്കോടതിയുടെ സിംഗില്‍ ബഞ്ചിലും, ഡിവിഷന്‍ ബഞ്ചിലും, സുപ്രീംകോടതിയിലും നല്‍കിയ കേസുകള്‍ തള്ളുകയുണ്ടായി. മിച്ചഭൂമിയാണെന്ന ലാന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു. ഹോപ്പ് പ്ലാന്റേഷന്‍ കയ്യടക്കിവെച്ചിരിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കാന്‍ 03.08.2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരും 17.12.2004ല്‍ യുഡിഎഫ് സര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സര്‍ക്കാര്‍ ഉത്തരവുകളിലെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹോപ്പ് പ്ലാന്റേഷന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 22.08.2014ലെ ഹൈക്കോടതിയുടെ വിധിയില്‍ കെഎല്‍ആര്‍ ആക്ട് 81(3) അനുസരിച്ച് കമ്പനിയുടെ അപേക്ഷ പരിശോധിച്ച് ആറുമാസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 17.12.2015ലെ മന്ത്രിസഭായോഗം ഹോപ്പ് പ്ലാന്റേഷന്‍ കയ്യടക്കി വെച്ചിരിക്കുന്ന മിച്ചഭൂമിക്ക് ലാന്റ് റിഫോംസ് ആക്ടിന്റെ പരിധിയില്‍ നിന്നും എക്‌സംപ്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 20.02.2016ല്‍ ജി ഒ(എം എസ്) 145/2016/ ആര്‍.ഡി നമ്പറിലൂടെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു.

ഇതിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ഹോപ്പ് പ്ലാന്റേഷന് ലഭിക്കുകയും ചെയ്തിരിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവില്‍ ഹോപ്പ് പ്ലാന്റേഷന്റെ അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കാന്‍ മാത്രമേ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളൂ. മിച്ചഭൂമിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് കോടതി ഉത്തരവില്‍ ഒരിടത്തും പറഞ്ഞിരുന്നില്ല.

ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് ഹോപ്പ് പ്ലാന്റേഷനെ സഹായിക്കാന്‍ മാത്രമുള്ളതാണ്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ആയതിനാല്‍ ഹോപ്പ് പ്ലാന്റേഷന്‍ കയ്യടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സ്വന്തമാക്കുന്നതിന് അവസരം നല്‍കികൊണ്ട് പുറപ്പെടുവിച്ചിരുന്ന 20.2.2016ലെ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് താല്‍പര്യപ്പെടുന്നു.

10606053_1738071183093164_4570092832977472455_n

© 2024 Live Kerala News. All Rights Reserved.