ചക്കയേറ്, കപ്പപ്പാട്ട്, നയപ്രഖ്യാപനം; ഡിങ്കമത സമ്മേളനം മാര്‍ച്ച് 20ന് കോഴിക്കോട്ട്

കോഴിക്കോട്: ഡിങ്കോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ഡിങ്കമതസമ്മേളനം ഈ മാസം 20ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ആരംഭിക്കും. പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന സമ്മേളനപരിപാടിയില്‍ കപ്പപ്പാട്ട്, നയപ്രഖ്യാപനം, ചക്കയേറ് തുടങ്ങി നിരവധി പരിപാടികളുണ്ടായിരിക്കും. നവമാധ്യമങ്ങളിലൂടെ പിറന്ന ആദ്യ പാരഡി മതമായ ഡിങ്കമത വിശ്വാസികളുടെ പ്രഥമ സമ്മേളനം കോഴിക്കോട്ട് നടക്കും. മാര്‍ച്ച് 20 ന് നടക്കുന്ന പരിപാടിയുടെ പ്രചാരണത്തിനായി നഗരത്തില്‍ ഫല്‍ക്‌സുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മാനാഞ്ചിറ മൈതാനിയില്‍ വെച്ചാണ് സമ്മേളനം. ലോകത്തിലാകമാനമുള്ള ഡിങ്കമത വിശ്വാസികളെ ഒരുമിച്ച് കൂട്ടാനാണ് സംഘാടകര്‍ സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നത്. മാനവികതയാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് ഡിങ്കമത സംഘടനയുടെ നേതാക്കള്‍ പറയുന്നു. മതങ്ങളെ വെല്ലുന്ന മഹാസമ്മേളനത്തിനായിരിക്കും കോഴിക്കോട് സാക്ഷ്യം വഹിക്കുകയെന്നും തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്തും മറ്റു ജില്ലകളിലും സമ്മേളനങ്ങള്‍ നടക്കുമെന്നും ഭാരവാഹിയായ സോജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.