ദുരഭിനിമാനത്തിന്റെ പേരില്‍ മകളെയും കൊല്ലാന്‍ ചിന്നസ്വാമി പദ്ധതിയിട്ടു; സ്‌നേഹം നടിച്ച് മകളോട് വിവരങ്ങള്‍ ആരാഞ്ഞു; രണ്ടുപേരയും വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കി

മറയൂര്‍: ജാതിമാറി വിവാഹം ചെയ്തതിന് സ്വന്തം മകളെയും ഭര്‍ത്താവിനെയും ഒരുമിച്ചു വെട്ടിക്കൊലപ്പെടുത്താനാണു പിതാവ് ചിന്നസ്വാമി ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ്. കൊലപാതകം നടത്താനുദ്ദേശിച്ചതിന്റെ തലേദിവസം മകളെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചശേഷം ഇവ ക്വട്ടേഷന്‍ സംഘത്തലവനു പിതാവു കൈമാറിയതായും കണ്ടെത്തി. എന്നാല്‍ കൗസല്യയെ വധിക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. കുമാരലിംഗം സ്വദേശി ശങ്കര്‍ (22) ആണു ഞായറാഴ്ച ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. ശങ്കറിനൊപ്പമുണ്ടായിരുന്ന ഭാര്യ കൗസല്യയ്ക്കും മാരകമായി വെട്ടേറ്റു. കൗസല്യ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൗസല്യയെയും ശങ്കറിനെയും കൊല്ലാന്‍ തീരുമാനിച്ചതിന്റെ തലേദിവസം ചിന്നസ്വാമി സ്‌നേഹം നടിച്ചു മകളെ ഫോണ്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പണം ആവശ്യമുണ്ടോ എന്നു ചിന്നസ്വാമി മകളോട് അന്വേഷിച്ചിരുന്നു. പിതാവിന്റെ പണം ആവശ്യമില്ലെന്നും വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാനായി അടുത്ത ദിവസം ഉദുമല്‍പേട്ടയിലേക്കു പോകുമെന്നും കൗസല്യ അറിയിച്ചു. തുടര്‍ന്നു വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കിയ ചിന്നസ്വാമി ക്വട്ടേഷന്‍ തലവനായ ധന്‍രാജിനോട് ഇതെല്ലാം വിശദീകരിച്ചു. സംഘത്തലവന്‍ ധന്‍രാജ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളായ ഡിണ്ടിഗല്‍ ബാലകൃഷ്ണപുരം ജഗദീശന്‍ (31), പഴനി രാമര്‍കോവില്‍ തെരുവില്‍ മണികണ്ഠന്‍ (25), ഡിണ്ടിഗല്‍ മൈക്കിള്‍ (മദന്‍കുമാര്‍32), ഡിണ്ടിഗല്‍ അമ്മന്‍കോവില്‍ തെരുവില്‍ ശെല്‍വകുമാര്‍ (25) പട്ടിവീരന്‍പെട്ടി അന്നാനഗര്‍ സ്വദേശി മണികണ്ഠന്‍ (39) എന്നിവരെ ഉദുമല്‍പേട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട്ടില്‍ ജാതീയ വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങള്‍.

© 2024 Live Kerala News. All Rights Reserved.