അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്താനറിയാം; ഭേദഗതി ഉത്തരവ് പിന്‍വലിക്കണം; തുറന്നടിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: കരുണാ എസ്റ്റേറ്റ് വിഷയത്തില്‍ അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കു നിര്‍ത്താനറിയാമെന്നും ഭേദഗതി ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാറിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ട്. ഭേദഗതിയല്ല, ഉത്തരവ് പിന്‍വലിക്കുകയാണ് വേണ്ടത്. രണ്ടുതവണ കത്ത് കൊടുത്തിട്ടും ഉത്തരവ് പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വിമര്‍ശിക്കാനിടയായ സാഹചര്യം ഇതാണെന്നും കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ സുധീരന്‍ വ്യക്തമാക്കി. കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വി.എം സുധീരന്റെ പ്രസ്താവന ഉചിതമായില്ലെന്നും എല്‍ഡിഎഫിന് അടിക്കാനുള്ള വടിയാണ് സുധീരന്റെ വാക്കുകളെന്നും കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെ. സുധാകരന്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ കെപിസിസി ഭാരവാഹി യോഗത്തിലാണ് സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍ ആഞ്ഞടിച്ചത്. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ നികുതി സ്വകീരിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വാങ്ങേണ്ടതില്ലെന്ന് പറഞ്ഞു കൊണ്ടാണ് വി.എം. സുധീരന്‍ സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം പോലും കാര്യമായി പ്രതികരിക്കാതിരിക്കെയാണ് വിഎം സുധീരന്‍ കരുണാ എസ്റ്റേറ്റ് ഉറച്ച് നിലപാട് സ്വീകരിച്ചത്. ഇത് ദോഷമാകുന്നത് സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കുംതന്നെയാണ്.

© 2024 Live Kerala News. All Rights Reserved.