തന്റെ കയ്യില്‍ ആകെയുള്ളത് 9500 രൂപ; വീടും സ്ഥലവുമൊന്നുമില്ല; വിജയ്മല്യയുടെ സത്യവാങ്മൂലം ഇങ്ങനെ

ന്യൂഡല്‍ഹി: തന്റെ കയ്യില്‍ ഇപ്പോള്‍ 9500 രൂപമാത്രമാണുള്ളത്. സ്വന്തംപേരില്‍ വീടോ സ്ഥലമോ ബാധ്യതകളോ ഇല്ല. 2010ല്‍ രാജ്യസഭയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവാദ മദ്യവ്യവസായി വിജയ് മല്യ ഇങ്ങനെ പറയുന്നത്. ഫെറാറി കാറുകള്‍, സ്വര്‍ണം, കടപ്പത്രം എല്ലാമുള്‍പ്പടെ 615 കോടി രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഗാവ, മുംബൈ, യുഎസ്, ഫ്രാന്‍സ്, യുകെ തുടങ്ങിയ ഇടങ്ങളില്‍ വീടുകളോ അവധിക്കാല വസതികളോ ഉള്ളതായാണു കരുതപ്പെടുന്നത്. എന്നാല്‍ തനിക്കോ കുടുംബത്തിനോ ഒരു വീടുപോലും സ്വന്തമായില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മല്യയുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കടപ്പത്രങ്ങളിലും കരാറുകളിലും ബാങ്ക് നിക്ഷേപങ്ങളിലുമായി കിടക്കുകയാണ്. ബാങ്കുകളിലും ഇതര നിക്ഷേപ സ്ഥാപനങ്ങളിലുമായി ഏകദേശം നാലു കോടി രൂപയോളം ഉണ്ടെന്നാണ് വിവരം. 591 കോടി രൂപയുടെ കടപ്പത്രങ്ങളും കരാറും ഷെയറുകളുമായി ഉണ്ടെന്നും മല്യ പറയുന്നു. അദ്ദേഹത്തിന്റെ കമ്പനികളായ യുണൈറ്റഡ് ബ്രെവെറീസ്, കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, മക്‌ഡോവല്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, യുണൈറ്റഡ് റേസിങ് ആന്‍ഡ് ബ്ലഡ്‌സ്റ്റോക് ബ്രീഡേഴ്‌സ്, ഗണപതി മല്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയവയിലെ പങ്കാളിത്തമാണിത്. 25 ലക്ഷം രൂപ വിലമതിക്കുന്ന 1989 മോഡല്‍ ഫെറാറി കാര്‍, നാലു കോടിയുടെ സ്വര്‍ണനിക്ഷേപങ്ങള്‍, 13.50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍, വിവിധ കമ്പനികളിലായി 14 കോടി രൂപയുടെ സ്വത്തുകള്‍ തുടങ്ങിയവയാണ് സ്വന്തമായുള്ളത്. 2013ല്‍ ഫോര്‍ബ്‌സിന്റെ 100 ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 84ാം സ്ഥാനവും 2010 രാജ്യസഭയിലെത്തിയപ്പോള്‍ സഭയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തിയുമായിരുന്നു വിജയ് മല്യ. 9000 കോടിയുടെ കടബാധ്യതയിലും വിജയ് മല്യക്ക് നിരവധി ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്ന കണക്കാണിപ്പോള്‍ പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.