പോപ്പിന്റെ വാക്കിന് ഒരു വിലയുമില്ല; ഇടുക്കിയില്‍ മലയിടിച്ച് കത്തോലിക്ക പള്ളി നിര്‍മ്മാണം; ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ചന്ദ്രഹാസമിളക്കിയതിന്റെ ലക്ഷ്യം ഇതായിരുന്നു

തൊടുപുഴ: പരിസ്ഥിതി തകര്‍ക്കുകയും പ്രകൃതിയെ ദ്രോഹിക്കുകയും ചെയ്യുന്നത് കുമ്പസാരിക്കേണ്ട പാപമാണെന്ന് കത്തോലിക്കക്കാരോട് പോപ്പ് ഫ്രാന്‍സിസ് തന്റെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും പലപ്രാവശ്യം വ്യക്തമാക്കിയതാണ്. അതെല്ലാം ഇടുക്കി രൂപതയെപ്പോലുള്ള രൂപതകള്‍ക്ക് അതിനൊക്കെ പുല്ലുവിലയാണ്. പോപ്പ് പറയുന്നത് പറയട്ടെ, പ്രായോഗികമായി മലയടിക്കാം, വികസനം കൊണ്ടുവരാം, പള്ളിപണിയാം ഇതൊക്കെയാണ് സഭയുടെ പ്രഖ്യാപിത അജണ്ട. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതിയെന്ന പേരില്‍ ഇടുക്കി-താമരശ്ശേരി രൂപതകളുടെ സ്‌പോണ്‍സേര്‍ഡ് കടലാസ് സംഘടനയുടെ പ്രതിഷേധം കേരളം കണ്ടതാണ്. എന്നാലതൊക്കെ സാധാരണ കര്‍ഷകന് വേണ്ടിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായിക്കൊണ്ടിരിക്കുന്നു. കുമ്പസാരിച്ചാല്‍ പോലും തീരാത്ത പാപമാണ് ഇടുക്കി കല്ലാര്‍കുട്ടി സെന്റ് ജോസഫ് ഇടവക ചെയ്തിരിക്കുന്നത്. കല്ലാര്‍കുട്ടി മാങ്കുളം റോഡിലെ ഒരു മല പകുതിയോളം ഇടിച്ചാണ് പുതിയ പള്ളി നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പള്ളി ഏപ്രില്‍ രണ്ടിന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലാണ് വെഞ്ചരിക്കുന്നത്. കല്ലാര്‍കുട്ടിയിലെ ഈ പള്ളിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. പള്ളി നിര്‍മാണം സഭയുടെ മൂല്യങ്ങള്‍ക്കെതിരാണെന്ന് ഇടുക്കി രൂപതയുടെ ഉന്നതപദവിയിലുള്ള വൈദികര്‍ തന്നെ സമ്മതിക്കുന്നു. ഒരു മലയും പച്ചപ്പും പാറക്കൂട്ടങ്ങളും ഇടിച്ചമര്‍ത്തിയാണ് ദൈവത്തിന്റെ പേരില്‍ ആത്മീയ വ്യാപാരികളുടെ പള്ളി നിര്‍മ്മാണം.

© 2024 Live Kerala News. All Rights Reserved.