പതിമൂന്ന് ബാങ്കുകളില്‍ 7000 കോടിയുടെ കടബാധ്യത; റിക്കവറി നടപടിക്ക് നീക്കം നടക്കുന്നതിനിടെ വിജയ് മല്യ രാജ്യം വിട്ടു

ന്യൂഡല്‍ഹി: പതിമൂന്ന് ബാങ്കുകളിലായി 7000 കോടിയുടെ കടബാധ്യതയുള്ളതിനാല്‍ റിക്കവറി നടപടിക്ക് നീക്കം നടക്കുന്നതിനിടെ പ്രമുഖ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതായി സിബിഐ. കഴിഞ്ഞയാഴ്ച്ചയാണ് ഇദേഹം രാജ്യം വിട്ടതെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് രണ്ടിന് മല്യ രാജ്യം വിട്ടതായി സിബിഐ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്യയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദേശം. മല്യ എവിടെയാണെന്ന് അറിയില്ലെന്നും ഇമെയില്‍ വഴിമാത്രമാണ് ബന്ധമുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യക്കമ്പനി ഡയാജിയോയ്ക്ക് കൈമാറിയ വകയില്‍ മല്യയ്ക്ക് ലഭിക്കാനുള്ള 515 കോടി രൂപ എസ്ബിഐയുടെ പരാതി പ്രകാരം ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ കഴിഞ്ഞദിവസം തടഞ്ഞുവെച്ചിരുന്നു. അതേസമയം, മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കാന്‍ ട്രൈബ്യൂണല്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്. എസ്ബിഐയ്ക്ക് പുറമെ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക്, പിഎന്‍ബി തുടങ്ങിയ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്.

© 2024 Live Kerala News. All Rights Reserved.