ഭരണകൂടഭീകരതയ്ക്കും ഫാസിസത്തിനുമെതിരെ വനിതാദിനത്തില്‍ കുറിപ്പെഴുതിയ കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ എബിവിപി രംഗത്ത്; കുറിപ്പ് കേന്ദ്ര ഇന്റലജന്‍സിന് കൈമാറുമെന്ന് കോളജ് പ്രിന്‍സിപ്പാള്‍

കോഴിക്കോട്: അന്താരാഷ്ട്രവനിത ദിനത്തില്‍ ഭരണകൂടഭീകരതയ്ക്കും ഫാസിസത്തിനുമെതിരെ ലഘുലേഖ തയ്യാറാക്കിയ കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് എബിവിപിയും പ്രിന്‍സിപ്പാളും ഒരേ നിലപാട് സ്വീകരിച്ചത്. ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ച സ്ത്രീകളോട് ഐക്യപ്പെടുന്നു എന്ന ഉള്ളടക്കമുള്ള ലഘുലേഖയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ബാസില, ശാരിക എന്നിവര്‍ വിതരണം ചെയ്തത്. കോളജിലെ എബിവിപി പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം വാര്‍ത്ത ആയതോടെയാണ് ലഘുലേഖ ഐബിക്ക് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയത്. ‘ഇതൊരു എഴുത്താണ് , ഒന്നിലധികം ആളുകള്‍ ഈ കുറിപ്പ് വായിക്കേണ്ടതുണ്ട് ‘ എന്ന് തുടങ്ങുന്ന ലഘുലേഖയില്‍ കാശ്മീരില്‍ അഫ്‌സ്പയുടെ പേരില് സൈന്യം ചെയ്യുന്ന ക്രൂരതകള്‍ , ഉത്തര്‍പ്രദേശില്‍ ദളിത് സഹോദരികളെ കൊന്നു കെട്ടിത്തൂക്കിയ സംഭവം , സോണി സോറിയോട് ഭരണകൂടം ചെയ്ത അക്രമങ്ങള്‍ , ഇറോം ഷര്‍മിളയുടെ പോരാട്ടങ്ങള്‍ , കണ്ണൂരിലെ ചിത്രലേഖയ്‌ക്കെതിരെയുള്ള ജാതി അക്രമങ്ങള്‍ എന്നിവയെ കുറിച്ചാണ് എഴുതിയത്. ‘ ഇന്ന് വനിതാ ദിനമാണ് , അപ്പൊ വെറുതെ ഇവിടെയുള്ള വിശേഷങ്ങള്‍ ഒന്നെഴുതാമെന്നു തോന്നി ‘ എന്ന് പറഞ്ഞു അവസാനിക്കുന്ന ബാസില, പഞ്ചമി , ശാരിക , അനില എന്നീ മൂന്ന് കൂട്ടുകാരും കൈപ്പടയില്‍ എഴുതിയ ലഖുലേഖ ഫോട്ടോകോപ്പി എടുത്ത് കാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.

ലഘുലേഖയുടെ പൂര്‍ണ രൂപം

sed
ഇതൊരു എഴുത്താണ്, ഒന്നിലധികം ആളുകള്‍ ഈ കുറിപ്പ് വായിക്കേണ്ടതുണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ കൂട്ടത്തോടെ നിര്‍ഭയ എന്നു വിളിക്കാം. നമ്മുടെ സംസ്‌കാരം ബലാത്സംഗം ചെയ്തുകൊന്ന പെണ്‍കുട്ടിയെ നാം വിളിച്ച അതേപേര്. ഞാന്‍ വരുന്നത് കശ്മീരില്‍ നിന്നാണ്.’ Is Duniya mein Agar Jannath He tho bas yahi hein! yahi hein! yahi hein!’ എന്ന് ബാബര്‍ വിശേഷിപ്പിച്ച നാട്. എന്നാല്‍ ഈ കത്ത് എഴുതുന്നതിന് മുമ്പ് വെറുതെ വിക്കിപീഡിയയില്‍ സെര്‍ച്ച് ചെയ്ത് നോക്കി. ‘Trouble Zone’ എന്നാണ് കണ്ടത്. പ്രശ്‌നങ്ങളുടേയും പ്രശ്‌നക്കാരുടേയും നാട്. മാപ്പില്‍ ഇപ്പോഴും എന്റെ നാട് ഇന്ത്യയിലാണ്. എന്നാല്‍ ഞങ്ങളെ ആക്രമിക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഭാരതത്തിന്റെ തന്നെ സൈന്യമാണ്. ഞങ്ങളുടെ സഹോദരിമാരേയും ഭാര്യമാരേയും വീട്ടില്‍ കയറി മാനം കവരാന്‍ മാത്രം അധികാരം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. രണ്ട് കണ്‍പോളയുമടച്ച് സ്വസ്ഥമായൊന്നുറങ്ങിയിട്ട് കാലങ്ങളേറെയായി. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. പറയുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം. എന്റെ അയല്‍പ്പക്കത്ത് രണ്ട് സഹോദരികളുണ്ടായിരുന്നു. ദലിത് വിഭാഗത്തില്‍പെട്ടവര്‍ ദാരിദ്ര്യത്തിന്റെ കൊടുമുടിയിലാണെങ്കിലും അവര്‍ എന്നും പരസ്പരം ചിരിച്ച് ഞങ്ങളോട് കുശലം പറയാറുണ്ടായിരുന്നു. രാവിലെ കാണാതായ അവരെ അന്ന് വൈകീട്ടാണ് കാണുന്നത്. പരിസരത്തെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. ബലാത്സംഗം ചെയ്ത് കൊന്നതാണ്. നിങ്ങളറിയുമോ, ഇതൊന്നും വിഷയമാവാന്‍ പോകുന്നില്ല. കാരണം ദലിത് സ്ത്രീകള്‍ക്ക് ഇത് ഇന്ത്യയില്‍ പതിവാണ്. എന്റെ പേര് സോണി സോറി, ഒരു ടീച്ചറാണ്. ഒരു ദിവസം എന്നെ പോലീസുകാര്‍ സ്‌റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്നു. ഞാന്‍ മാവോയിസ്റ്റ് ആണത്രേ. മാവോവാദി ആശയവുമായി ഒട്ടും ബന്ധമില്ലതാനും. പോലീസിന്റെ മുന്നില്‍ നിന്ന് ഉടുതുണി അഴിപ്പിച്ചു. എന്റെ ലൈംഗികാവയവത്തില്‍ കല്ലുകയറ്റി. ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഐ.സി.യുവില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രി ഒരുകൂട്ടം ആളുകള്‍ ബൈക്കില്‍ വന്ന് എന്റെ മുഖത്ത് ആസിഡ് കലര്‍ന്ന കെമിക്കലുകള്‍ ഒഴിക്കുകയും കല്ലുകള്‍കൊണ്ട് മുഖം വേദനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ എന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമാണെന്റെ മുഖം. ഛത്തിസ്ഖഡിലെ താഴ്ന്ന ജാതിയെന്ന് സമൂഹം വിളിക്കുന്ന വിഭാഗത്തിലാണ് ഞാന്‍. എന്റെ പേര് ഇറോം. കുറച്ചുകൂടി പറഞ്ഞാല്‍ ഇറോം ചാനു ഷര്‍മ്മിള, മണിപ്പൂരിലാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിരാഹാരത്തിലാണ് മൂക്കില്‍ക്കൂടിയാണ് ഇത്രയും കാലം ഭക്ഷണം കഴിക്കുന്നത്, സമരത്തിലാണ്. ഇവിടെ ഇന്ത്യയുടെ എട്ട് സുന്ദരികള്‍ എന്ന് നിങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ഒരു നിയമമുണ്ട്. അഫ്‌സ്പ(AFSPA) ഒറ്റവാക്കില്‍ ഈ നിയമത്തെ നിര്‍വ്വചിക്കാം. സൈന്യത്തിന് ഈ മണ്ണില്‍ ആരേയും ഏതുസമയത്തും കൊല്ലാം, മാനം നശിപ്പിക്കാം, വീടുകളില്‍ കയറിയിറങ്ങാം. പ്രത്യേക അധികാരമാണ് ആരും ചോദിക്കാന്‍ വരില്ല.’Indian Army Rape Us’ എന്ന മുദ്രാവാക്യവുമായി എന്റെ സഹോദരികള്‍ ഉടുതുണിയില്ലാതെ തെരുവിലിറങ്ങിയിരുന്നു. ഈ നിയമം പിന്‍വലിക്കും വരെ ഞാന്‍ സമരത്തിലാണ്. ഞാന്‍ ചിത്രലേഖ, കേരളത്തില്‍ നിന്നാണ്. ഒരു ഓട്ടോ ഡ്രൈവറാണ്. ഇടത് ട്രേഡ് യൂണിയനുകളുടെ അക്രമം കാരണം പതിനൊന്ന് വര്‍ഷം മുമ്പ് എനിക്ക് എന്റെ ഉപജീവനമാര്‍ഗ്ഗമായ ഓട്ടോ നഷ്ടമായി. ഓട്ടോ കത്തിച്ചുകളയും, പുലച്ചി ഓട്ടോ ഓടിക്കരുത് എന്നു ജാതി അവഹേളനം നടത്തുകയും ചെയ്തു. തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, സൈ്വരമായി ജീവിക്കാന്‍ വേണ്ടി, സ്വന്തം നാടായ പയ്യന്നൂരില്‍ നിന്ന് പുഴാദിയലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഒടുവില്‍ നിരന്തരം അക്രമിക്കപ്പെട്ടിട്ടും സമരം ചെയ്ത് പോരാടി നേടിയെടുത്ത ഓട്ടോ വീണ്ടും കഴിഞ്ഞ ദിവസം സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തിക്കീറി നശിപ്പിച്ചു. ഇവിടെ മരിക്കാനല്ല ജീവിക്കാനാണ് പ്രയാസം. അതുകൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണനോട് എന്നെയൊന്നു കൊന്നുതരുമോ എന്ന് ചോദിച്ചിട്ടുണ്ട്. പിന്നെ നിര്‍ത്താലോ, ഒന്നൂല്ലാ ഇന്ന് വനിതാ ദിനമാണ് അപ്പോ വെറുതെ ഇവിടെയുള്ള വിശേഷങ്ങള്‍ എല്ലാവര്‍ക്കും എഴുതാമെന്ന് കരുതി സ്‌നേഹം, ബഹുമാനം.

© 2024 Live Kerala News. All Rights Reserved.