തിരഞ്ഞെടുപ്പ് അടുത്തു, താമരശ്ശേരി രൂപത വിലപേശലും തുടങ്ങി; തിരുവമ്പാടി മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ നിലപാട് കടുപ്പിക്കുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ വിലപേശുന്നവരാണ് താമരശ്ശേരി രൂപത. തിരുവമ്പാടി സീറ്റില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് എതിരെയാണിപ്പോള്‍ താമരശേരി രൂപത നിലപാട് കടുപ്പിക്കുന്നത്. തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് യുഡിഎഫ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അതിനാല്‍ അവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും മലയോര വികസന സമിതി അറിയിച്ചു. കര്‍ഷകരുടെ പ്രതിനിധി നിയമസഭയില്‍ വേണമെന്നും അതിനാല്‍ തിരുവമ്പാടി ഉള്‍പ്പെടെ എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നുമാണ് സഭയുടെ നിലപാട്. നേരത്തെ തിരുവമ്പാടി സീറ്റിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് താമരശേരി രൂപത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അറിയിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എ ആയ സി.മോയിന്‍ കുട്ടിയെ മാറ്റി വി.എം ഉമ്മറിനെ ആണ് മുസ്ലീംലീഗ് തിരുവമ്പാടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. എന്നാല്‍ സിറ്റിംഗ് സീറ്റായ തിരുമ്പാടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് മുസ്ലീംലീഗ് സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.