പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കില്ല; തീരുമാനം ഉപേക്ഷിച്ചത് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന്

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധത്തുടര്‍ന്ന് പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണമെന്ന ബജറ്റ് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഈ തീരുമാനം അറിയിച്ചത്. ഈ മാസം അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ഏറെ വിവാദമായ പുതിയ തീരുമാനം ജെയ്റ്റിലി പ്രഖ്യാപിച്ചത്. എല്ലാവരെയും പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാക്കുക എന്ന ലക്ഷ്യമായിരുന്നു പുതിയ പദ്ധതിക്ക് പിറകിലുണ്ടായിരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൊത്തം തുകയുടെ 60 ശതമാനത്തിന് നികുതി നല്‍കണമെന്നായിരുന്നു ബജറ്റ് വേളയില്‍ ധനമന്ത്രിയുടെ നിര്‍ദേശം. അന്നുതന്നെ ഈ വിവാദ നിര്‍ദേശത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം വിരമിക്കുന്ന വേളയില്‍ മുഴുവന്‍ മുഴുവന്‍ തുകയും പിന്‍വലിക്കും, ഇതിനാണെങ്കില്‍ നികുതിയും ഇല്ലായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇപിഎഫ്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നിവയില്‍ നിന്നും 40 ശതമാനം തുക മാത്രമെ നികുതിയില്ലാതെ പിന്‍വലിക്കാനാകു എന്നും ബാക്കി പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവെക്കണമെന്നും ആയിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതാണ് രാജ്യമെങ്ങുമുള്ള കടുത്ത പ്രതിഷേധത്തുടര്‍ന്ന് പിന്‍വലിച്ചത്.

© 2024 Live Kerala News. All Rights Reserved.