ജയസാധ്യതയുള്ള സീറ്റ് തന്നുകൂടെ? ഇനി സിപിഎമ്മിന്റെ ചാവേറാകാന്‍ ഇല്ല; ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു

കോട്ടയം: സിപിഎമ്മിന്റ ചാവേറാകാന്‍ ഇനിയില്ലെന്നും ജയസാധ്യതയുള്ള മണ്ഡലം ഇനിയെങ്കിലും താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ചെറിയാന്‍ ഫിലിപ്പ്. തന്റെ ആത്മകഥയിലാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മൂന്നുതവണ യുഡിഎഫ് കോട്ടകളില്‍ മല്‍സരിച്ചു തോറ്റത്. 15 വര്‍ഷക്കാലം സിപിഎമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കണം.ാ്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ പറയുന്നു. രാഷ്ട്രീയ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പ്രസക്ത ഭാഗങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ഒരു ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ ഞാന്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടിവി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. എന്നാല്‍ പാര്‍ട്ടി നന്ദിയില്ലായ്മയാണ് കാണിക്കുന്നതെന്ന് ചെറിയാന്‍ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നു.

© 2024 Live Kerala News. All Rights Reserved.