കൊച്ചി: ഏറെ സങ്കീര്‍ണ്ണമായ ഘട്ടങ്ങള്‍ പിന്നിട്ട് നീണ്ടകാലം ചിത്രീകരണം നടന്ന മോഹന്‍ലാല്‍-വൈശാഖന്‍ കൂട്ടുകെട്ടിന്റെ ചിത്രം പുലിമുരുകന്‍ ഇനി മറ്റ് ജോലികളിലേക്ക്. അതേസമയം പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചുതുടങ്ങി. ഇത്തവണ പ്രിയദര്‍ശനൊപ്പമാണ് പുതിയ സിനിമ. ‘ഒപ്പം’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കാഴ്ച ശക്തി ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ഒരു ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. യാഥര്‍ത്ഥ കൊലപാതകിയെ കണ്ടെത്താന്‍ ഇയാള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍. സമുദ്രകനിയാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാറിനു ശേഷം മോഹന്‍ലാല്‍ സമുദ്രകനി ടീം ഒന്നിക്കുന്ന സിനിമ കൂടിയാവും ഇത്. നവാഗതനായ ഗോവിന്ദിന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ചന്ദ്രലേഖയ്ക്ക് ശേഷം മോഹന്‍ലാലിനു വേണ്ടി പ്രിയദര്‍ശന്‍ തിരക്കഥ എഴുതുന്ന ചിത്രമാണിത്. കൊച്ചിയും ഊട്ടിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ ആദ്യ അവസാനം അന്ധനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഒപ്പം.കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ പ്രകാശ് രാജിനെ നായകനാക്കി ഒരു തമിഴ് ചിത്രം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സമീര്‍ താഹിറാണ് ഈ തമിഴ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിച്ചത്. അക്ഷയ്കുമാര്‍ കങ്കണ റണാവത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ഒരു ബോളിവുഡ് ചിത്രവും പ്രിയദര്‍ശന്‍ ഒരുക്കുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങളിലൂടെയും ശക്തമായ തിരിച്ച് വരവിലാണ് പ്രിയദര്‍ശന്‍.