യമനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തി; പ്രാദേശിക ഭരണസംവിധാനങ്ങള്‍ കുത്തഴിഞ്ഞു; യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

സന: 80 പേരെ താമസിപ്പിച്ചിരിക്കുന്ന വൃദ്ധസദനത്തില്‍ വെള്ളിയാഴ്ച രാവിലെയാണു തോക്കുമായെത്തിയ നാലംഗ സംഘം ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്ത്രീകളില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. ഇതു റാഞ്ചി സ്വദേശിനിയായ സിസ്റ്റര്‍ അന്‍സലം ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേര്‍ റുവാണ്ടക്കാരും ഒരാള്‍ കെനിയ സ്വദേശിനിയുമാണ്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, യെമന്‍കാരനായ പാചകക്കാരന്‍, യെമന്‍കാരായ അഞ്ചു കാവല്‍ക്കാര്‍ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യക്കാരിയായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി അക്രമികളില്‍നിന്നു രക്ഷപ്പെട്ടു. ഇതോടെ ഇവിടുത്തെ ഏദനിലെ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. എംബസിയും പ്രവര്‍ത്തനം നിര്‍ത്തി. ഇതുമൂലം ഇന്ത്യയില്‍ നിന്ന് അന്വേഷണം നടത്തുന്നതിനു കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്ഥര്‍ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്.  അതേസമയം യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ചാണു വൈദികനായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.