കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരും; ബിജെപി അക്കൗണ്ട് തുറക്കും; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്; അസമില്‍ ബിജെപി; തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ; ഇന്ത്യ ടിവിസി വോട്ടര്‍ സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ 89 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ വരുകയും നിലവിലെ ഭരണകക്ഷിയായ യുഡിഎഫിന് 49 സീറ്റ് മാത്രമേ ലഭിക്കുവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം കേരളത്തില്‍ ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യാ ടിവിസി വോട്ടര്‍ സര്‍വേ. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമ്പോള്‍ തമിഴകത്ത് വാശിയേറിയ പോരാട്ടമായിരിക്കുമെങ്കിലും ജയലളിത നയിക്കുന്ന എഐഎഡിഎംകെയ്ക്ക് ഭരണത്തുടര്‍ന്നയുണ്ടാകും. ബംഗാളില്‍ 294 സീറ്റില്‍ 156 സീറ്റും തൃണമൂല്‍ നേടും. ഇടതുമുന്നണി 114 സീറ്റും നേടും. കോണ്‍ഗ്രസിന് 13 സീറ്റ് മാത്രമാകും ലഭിക്കുകയെന്നും സര്‍വേ പറയുന്നു. എഐഎഡിഎംകെയുടെ നിലവിലെ 203 സീറ്റെന്ന ഭൂരിപക്ഷം കുറഞ്ഞ് 116 സീറ്റാവും. എന്നാല്‍ കരുണാനിധിയുടെ നേതൃത്വത്തിലെ ഡിഎംകെ 101 സീറ്റ് നേടി തൊട്ടുപിന്നാലെ നില്‍ക്കുമെന്നും സര്‍വേ പറയുന്നു. ഡിഎംകെയ്ക്ക് നിലവില്‍ കേവലം 31 സീറ്റു മാത്രമാണ് ഉള്ളത്. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. മറ്റുള്ള കക്ഷികള്‍ 18 സീറ്റ് നേടും.അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ ശക്തിയാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 126 സീറ്റുകളിലേക്ക് നടക്കുന്ന മല്‍സരത്തില്‍ ബിജെപി 56 സീറ്റ് നേടും. നിലവില്‍ 78 സീറ്റുള്ള കോണ്‍ഗ്രസിന് 44 എണ്ണമേ നേടാന്‍ സാധിക്കുവെന്നും സര്‍വേയില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.