പൂണെ: ഇന്ത്യന്‍ സിനിമാ ചരിത്രത്തിന് മികച്ച സംഭാവന നല്‍കിയ പി.കെ നായര്‍ (86) ഓര്‍മ്മയായ്. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനാണ് പി.കെ.നായര്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദാദാസാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയ മര്‍ദ്ദന്‍, എസ്.എസ്.വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കല്‍പന തുടങ്ങിയ ചിത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെനായരാണ്.
ചെറുപ്പകാലം മുതല്‍ക്കേ സിനിമയോട് താത്പര്യം തോന്നിയ പി.കെ നായര്‍ കേരളാ സര്‍വകലശാലയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ശേഷം 1953ല്‍ ബോംബെയിലേക്ക് പോയി. നിരവധി പ്രമുഖ സംവിധായകര്‍ക്കൊപ്പം ചെറിയ തോതില്‍ പ്രവര്‍ത്തിച്ചു. തനിക്ക് ഒരു സംവിധായകന്‍ ആകാനുള്ള കഴിവില്ലെന്ന് തിരിച്ചറിഞ്ഞ പി.കെ.നായര്‍ കൂടുതല്‍ സിനിമ പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1961ല്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ സഹായിയായി ചേര്‍ന്നു. പിന്നീട് പഴയകാല ചിത്രങ്ങളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നു. ഒപ്പം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തി. പി.കെ.നായരുടെ പരിശ്രമ ഫലമായി 1964ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപിതമായി. 1991ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്ന് വിരമിക്കുമ്പോള്‍ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ എണ്ണായിരത്തിലധികം ഇന്ത്യന്‍ സിനിമകളായിരുന്നു. 2008ല്‍ പി.കെ നായര്‍ക്ക് സത്യജിത്ത് റേ മെമ്മോറിയല്‍ പുരസ്‌കാരം സമ്മാനിച്ചു. പി.കെ.നായരുടെ ജീവിത കഥ പറഞ്ഞ ‘സെല്ലുലോയ്ഡ് മാന്‍’ എന്ന ഡോക്യുമെന്ററി ലോകത്തെ വിവിധ ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.