ജയചന്ദ്രനെക്കൊണ്ട് പാടിക്കരുതെന്ന് പൃഥ്വിരാജ് പറഞ്ഞു; തന്റെ എല്ലാ ഗാനങ്ങളും ഒഴിവാക്കാന്‍ ശ്രമമുണ്ടായി; പൃഥ്വിരാജിനെതിരെ ആഞ്ഞടിച്ച് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍; വിവാദങ്ങള്‍ വിട്ടൊഴിയാതെ എന്ന് നിന്റെ മൊയ്തീന്‍

തിരുവനന്തപുരം: ശാരദാംബരം എന്ന ഗാനം ജയചന്ദ്രനെക്കൊണ്ട് പാടിക്കേണ്ടതില്ലെന്ന് പൃഥ്വിരാജ് പറയുകയും അത് അനുസരിക്കാത്ത തന്റെ എല്ലാ ഗാനങ്ങളും എന്ന് നിന്റെ മൊയതീനില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായും സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ ആരോപിച്ചു. ഗാനങ്ങള്‍ക്ക് അക്കാദമിക് തലം മാത്രമേ ഉള്ളു എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പാട്ടൊഴിവാക്കാന്‍ പൃഥ്വി ആവശ്യപ്പെട്ട വിവരം സംവിധായകന്‍ ആര്‍.എസ് വിമലാണ് തന്നെ അറിയിച്ചത്. എതിര്‍പ്പ് കണക്കിലെടുക്കാതെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ ശാരദാംബരം… എന്ന ഗാനം ജയചന്ദ്രനെ കൊണ്ട് പാടിച്ചതാണ് പൃഥ്വിരാജിന് ദേഷ്യംതോന്നാന്‍ കാരണം. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ താന്‍ എതിര്‍ത്തു തന്റെ നിര്‍ബന്ധം കാരണമാണ് അദ്ദേഹത്തെ മാറ്റാതിരുന്നതെന്നും ഇത്തരം നടന്മാരുടെ ഇടപെടലാണ് മലയാള സിനിമയ്ക്ക് നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സമെന്നും രമേഷ് പറഞ്ഞു. അതേസമയം രമേഷ് നാരായണന്റെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പ്രതികരിച്ചു. തിരക്കഥയൊരുക്കുന്ന കാലംമുതല്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്കഴിഞ്ഞിട്ടും എന്ന് നിന്റെ മൊയ്തീന്‍ എന്ന മികച്ച ചിത്രത്തെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.

© 2024 Live Kerala News. All Rights Reserved.