തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. ഇരുമുന്നണികള്‍ക്കും മുമ്പേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ സീറ്റ് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും നേതാക്കളുടെ ചേരിപ്പോരും പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍പോലും അന്തിമ തീരുമാനമായിട്ടില്ല. പാര്‍ട്ടിക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന കഴക്കൂട്ടത്ത് വി.മുരളീധരന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴക്കൂട്ടം വേണമെന്ന് രാജഗോപാലിനും ഉണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ മുരളീധരന്‍ തയ്യാറല്ല. ജയസാധ്യതയുള്ള മറ്റൊരു മണ്ഡലമായ നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കട്ടെയെന്നാണ് നേരത്തെ ധാരണയായത്. ഇക്കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മത്സരിക്കാന്‍ നോക്കുന്ന മഞ്ചേശ്വരവും ശോഭാസുരേന്ദ്രന്‍ കണ്ണുവച്ച പാലക്കാടുമെല്ലാം ഇത്തരത്തില്‍ തര്‍ക്കത്തില്‍ തുടരുകയുമാണ്. സഖ്യമുണ്ടാവുകയാണെങ്കില്‍ 40 സീറ്റ് വരെ ബിഡിജെഎസിന് വിട്ടുകൊടുക്കാനും 100 സീറ്റില്‍ ബിജെപി മത്സരിക്കാനുമാണ് തീരുമാനം. എന്‍ഡിഎയുടെ ഭാഗമായ പിസി. തോമസ് അടക്കമുള്ളവര്‍ക്ക് ആറ് സീറ്റ് വിട്ടുകൊടുക്കുന്നതും ചര്‍ച്ചയിലൂടെ തീരുമാനിക്കും. ബിഡിജെഎസ് നേതാക്കള്‍ ഇന്ന് ബിജെപി കേന്ദ്രനേതാക്കളെ കാണുന്നുണ്ട്. എത്രസീറ്റ് നല്‍കണമെന്നും ഏതൊക്കെ നല്‍കണമെന്നുമുള്ള കാര്യത്തിലൊക്കെ ഇന്ന് തീരുമാനമാക്കും.