സ്വന്തം ലേഖിക
കോഴിക്കോട്: ഈവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആര്‍ക്കെന്ന സംശയം ഒരു മലയാളിക്കുമുണ്ടായിക്കാണില്ല. മലയാളത്തിന്റെ പ്രാര്‍ത്ഥന പോലെ അത് നമ്മുടെ പാര്‍വതിക്ക് ലഭിച്ചു. ഒരിക്കലും മറക്കാന്‍ പറ്റാത്ത കാഞ്ചനാമാല, സേറ, പനിമലര്‍, ആര്‍ജെ സേറ തുടങ്ങിയ നിരവധി വേഷങ്ങളില്‍ നമ്മുടെ മുന്നില്‍ വന്ന പെണ്‍കുട്ടിയാണ് പാര്‍വതി. കോഴിക്കോടുകാരിയായ പാര്‍വതിയെ കിരണ്‍ ടിവിയിലൂടെയാണ് കേരളം ആദ്യമായി കാണുന്നത്. 2006ല്‍ ഔട്ട് ഓഫ് സിലബസിലെ ഗായത്രിയിയെന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതി സ്‌ക്രീനിലേക്കുള്ള രംഗപ്രവേശനം. നോട്ട് ബുക്കില്‍ പൂജയായും വിനോദയാത്രയില്‍ രശ്മിയായും പിന്നീട് സിനിമാ മേഖലയില്‍ സജീവമായിമാറി ഈ പെണ്‍കുട്ടി. മിലാനയിലൂടെ പിന്നീട് കന്നടയിലേക്ക് വരുന്നത്.
2008 ല്‍ പുറത്തിറങ്ങിയ പൂ എന്ന തമിഴ് സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. പിന്നീട് കന്നടയിലും തമിഴിലും സജീവമായി. ഇടയ്ക്ക് സിറ്റി ഓഫ് ഗോഡിലൂടെ മരതകമായി വീണ്ടും മലയാളത്തിലേക്ക് വന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് മരിയനില്‍ പനിമലരായി പാര്‍വതി പ്രത്യക്ഷപ്പെട്ടത്. ഇത്രമാത്രം മികവുള്ള താരം ആ പഴയ മലയാളക്കുട്ടിയാണെന്ന് പോലും പലരും തിരിച്ചറിഞ്ഞില്ല.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ബാഗ്ലൂര്‍ ഡെയ്‌സിലെ ആര്‍ജെ സേറയെന്ന കഥാപാത്രത്തെ മലയാളി ഒരിക്കലും മറക്കാന്‍ കഴിയില്ല. 2015 തുടക്കത്തില്‍ ഉലകനായകനൊപ്പം ഉത്തമവില്ലനില്‍ മികവുറ്റ ഒരു തമിഴ് വേഷം കൂടി ലഭിച്ചിരിക്കുന്നു പാര്‍വതിക്ക്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി മലയാള സിനിമയുടെ ഗതി മാറ്റിയ രണ്ട് ചിത്രങ്ങളില്‍ ചിരിയും ചിന്തയും കണ്ണീരും സമ്മാനിച്ച് മനം കവര്‍ന്നതും മറ്റാരുമല്ല.
പാര്‍വതിയിലൂടെ കാഞ്ചനമാലയെ നേരിട്ട് അനുഭവിക്കുകയായിരുന്നു ഓരോ മലയാളിയും, അവളിലൂടെ നാം ഇന്നലെകളിലെ നമ്മുടെ പ്രണയത്തെ തിരിച്ചറിയുകയായിരുന്നു. ഒരിക്കലെങ്കിലും ടെസയാകാന്‍ ആഗ്രഹിക്കാത്തവരുണ്ടാകുമോ? മലയാളിയെ ഈ വികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതില്‍ പാര്‍വതിയുടെ സമാനതകളില്ലാത്ത അഭിനയ മികവും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. സ്ത്രീയുടെ യാത്രയിലൂടെ കഥ പറയുന്ന ഒരു സിനിമയ്ക്ക് രൂപം നല്‍കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ പ്രേരിപ്പിച്ചതും പാര്‍വതിയിലുള്ള ഈ വിശ്വാസം കൊണ്ടുതന്നെയാകും.
തന്റെ പേര് ‘പാര്‍വതി മേനോനല്ല, പാര്‍വതി’യാണെന്ന്’ പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റത്തെയും നിസാരമായി കാണാനാകില്ല. നിലപാടും കാഴ്ച്ചപ്പാടുമൊക്കെ അണുവിട കോമ്പ്രമൈസ് ചെയ്യാതെ പുരോഗമനപരമായ പ്ലാറ്റ്‌ഫോമില്‍ നിലകൊള്ളുന്ന അഭിനേതാക്കളെ കിട്ടാനില്ലാത്ത കാലത്താണ് പാര്‍വതി അതിനൊരപവാദമാകുന്നത്. മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം അഭിനയശേഷിയുടെ കയ്യടക്കവും തെന്നിന്ത്യന്‍ സിനിമാലോകത്തിന് തന്നെ വ്യക്തമാക്കുന്നതായിരുന്നു സാമൂതിരിയുടെ നാട്ടില്‍പ്പിറന്ന പാര്‍വതിയുടെ ഭൂതകാലം.