തൃശൂര്‍: രാമവര്‍മ്മപുരം പൊലീസ് അക്കാദമി ഐ ജി സുരേഷ് രാജ് പുരോഹിത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത് വിവാദമായി. നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചാണ് ഐജിയുടെ മകന്‍ കാറോടിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമവര്‍മ്മപുരം പൊലീസ് അക്കാദമിക്കകത്താണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഔദ്യോഗിക വാഹനം ഓടിക്കുന്നത്. അക്കാദമി വളപ്പിലൂടെ കൊടിവെച്ച ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ സഹിതം പൊലീസുകാര്‍ മേല്‍ ഉദ്യേഗസ്ഥര്‍ക്ക് പരാതി നല്‍കി. ഐജി വാഹനത്തില്‍ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റിലുണ്ട്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ കാണാം. തൃശൂര്‍ ശോഭ സിറ്റിയില്‍ വിവാദ വ്യവസായി നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാറി കാര്‍ ഓടിച്ച സംഭവത്തില്‍ കേസെടുത്ത പൊലീസ് അധികൃതര്‍ ഐജിയുടെ മകന്‍ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വീഡിയോ: