വിഎസ് പാര്‍ട്ടിയെ നയിക്കണമെന്ന് യെച്ചൂരിയും എംഎ ബേബിയും; പിണറായിയും കോടിയേരിയും ഇടഞ്ഞു; അടിയന്തര സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എംഎ ബേബിയുമാണ് വിഎസിനു വേണ്ടി രംഗത്തുള്ളത്. എന്നാല്‍ ഈ കാര്യം സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെന്ന നിലപാടാണ് പിണറായിയും കോടിയേരിയും ഉന്നയിച്ചത്. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസിനു വേണ്ടിയാണ് യെച്ചൂരി സംസാരിക്കുക. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇന്ന് 2.30ന് സിപിഎം സംസ്ഥാന കമ്മിറ്റി ചേരും. അതേസമയം, വിഎസും പിണറായിയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോയെന്നത് സംബന്ധിച്ച് ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അന്തിമ തീരുമാനം ഉണ്ടാകുക.

പുതിയ ചില കക്ഷികള്‍ മുന്നണിയില്‍ പ്രവേശിക്കാനോ, സഹകരിക്കാനോ കാത്തുനില്‍ക്കുന്നതിന്റെ വെളിച്ചത്തില്‍, സീറ്റ് വിഭജനം എങ്ങനെ സുഗമമായി പൂര്‍ത്തിയാക്കാം എന്നായിരിക്കും ഇന്നത്തെ യോഗത്തിന്റെ പ്രധാന അജന്‍ഡ. യുഡിഎഫില്‍ നിന്നു ചില നേതാക്കള്‍ വിട്ടുപോരുമെന്ന സൂചന ശക്തമായിരിക്കെ, അവരെ എങ്ങനെ എല്‍ഡിഎഫുമായി ചേര്‍ത്തു നിര്‍ത്താമെന്നതും ചര്‍ച്ചയാകും. തിരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നാളെയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവും ചേരുന്നുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയവും മറ്റും ഈ മാസം ഏഴിനും എട്ടിനും ചേരുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിനു ശേഷമേ നടക്കൂ. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇതുവരെ പാര്‍ട്ടി അവസാന തീരുമാനം എടുത്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.