തിരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ മൂന്ന് വാര്‍ത്താചാനലുകള്‍കൂടി മലയാളികളുടെ സ്വീകരണമുറിയിലേക്ക്; ഇ ടിവിയും 24 ന്യൂസും മംഗളം ന്യൂസും ഏപ്രിലില്‍തന്നെ സംപ്രേഷണം തുടങ്ങിയേക്കും

സ്വന്തംലേഖകന്‍

തിരുവനന്തപുരം: ആദ്യത്തെ മുഴുനീള വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ നഷ്ടത്തെത്തുടര്‍ന്ന് അടച്ചുപൂട്ടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം റിപ്പോര്‍ട്ടര്‍, ടിവി ന്യൂ ചാനലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് മൂന്ന് വാര്‍ത്താചാനലുകള്‍കൂടിയെത്തുന്നത്. 12 ഭാഷകളില്‍ നിലവില്‍ സംപ്രേഷണം തുടരുന്ന ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഇ ടിവി, ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന ഫഌവേഴ്‌സ് ചാനലിന്റെ വാര്‍ത്താചാനലായ 24 ന്യൂസ്, മംഗളം പത്രത്തിന്റെ മംഗളം ന്യൂസ് എന്നിവയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്തുന്നത്. ഇതില്‍ മംഗളം മാത്രമാണ് ജീവനക്കാരുടെ റിക്രൂട്ട് മെന്റ് തുടരുന്നത്. 24 ന്യൂസിന്റെയും ഇടിവിയുടെയും സ്റ്റുഡിയോ അപ്പാര്‍ട്ട് മെന്റിന്റെ നിര്‍മ്മാണം ആരംഭിച്ചതായാണ് വിവരം. പത്ത് ദിവസത്തിനകം ഇരു ചാനലുകളും ജീവനക്കാരുടെ റിക്രൂട്ട് മെന്റ് ആരംഭിക്കും. മംഗളം ഏപ്രില്‍ ഒന്നിനും ഇടിവി ഏപ്രില്‍ അഞ്ചിനും സംപ്രേഷണം തുടങ്ങുമെന്നാണ് വിവരം. 24 ന്യൂസ് ഏപ്രില്‍ പകുതിയോടെ എത്തിയേക്കും. ഇടിവി തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റുഡിയോയും ബ്യൂറോകളും തുടങ്ങാനാണ് നീക്കം. 24 ന്യൂസ് എല്ലാ ജില്ലകളിലും കേരളത്തിന് പുറത്തും ബ്യൂറോകളും സ്റ്റുഡിയോകളും സജ്ജീകരിക്കും.

മംഗളം ന്യൂസും പ്രധാന സ്ഥലങ്ങളില്‍ മാത്രമാകും ബ്യൂറോകള്‍. മറ്റുള്ള ഇടങ്ങളില്‍ മംഗളം പത്രത്തിന്റെ ലേഖകന്‍മാരെ ഉപയോഗിക്കാനാണ് തീരുമാനം. റിക്രൂട്ട്‌മെന്റ് തുടരുന്ന മംഗളത്തില്‍ തുച്ഛമായ ശമ്പള സ്‌കയിലാണ് ഉള്ളത്. ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ജേര്‍ണലിസ്റ്റ് ട്രയിനികള്‍ നല്‍കുന്ന ശമ്പളമാണ് മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ക്ക് നല്‍കുക. അതുകൊണ്ട് മംഗളത്തിന് പ്രഗല്‍ഭ ജേര്‍ണലിസ്റ്റുകളെ കിട്ടാന്‍ സാധ്യതയില്ല. അതേസമയം ഇടിവിയും 24ന്യൂസും മോശമില്ലാത്ത പാക്കേജ് നല്‍കുമെന്നാണ് അറിയുന്നത്. പുതിയ ചാനലുകള്‍ വരുന്നതോടെ റിപ്പോര്‍ട്ടര്‍, ടിവി ന്യൂ വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചേക്കുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിസന്ധി നേരിടുന്ന ചാനലുകള്‍. സാമ്പത്തികം നോക്കാതെ മികച്ച ജേര്‍ണലിസ്റ്റുകളെയാണ് ഇടിവിയും 24 ന്യൂസും തിരയുന്നത്. നല്ല പാക്കേജാണ് ഇവര്‍ ഓഫര്‍ ചെയ്യുന്നതും. കോര്‍പറേറ്റുകള്‍ നയിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകള്‍തന്നെയാണിപ്പോള്‍ മുന്‍പന്തിയില്‍.

© 2024 Live Kerala News. All Rights Reserved.