കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായുള്ള തിരഞ്ഞെടുപ്പ് സഹകരണത്തിന് തയ്യാറാവാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ജനാധിപത്യശക്തികളെ സഹകരണത്തിന് ക്ഷണിക്കുന്നുവെന്ന് പിസിസി അധ്യക്ഷന്‍ അറിയിച്ചു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചങ്ങാത്തമാവാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും സംസ്ഥാനത്തെ എല്ലാ ജനാധിപത്യശക്തികളുടെയും സഹകരണം തേടുമെന്നുമായിരുന്നു സിപിഎം തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനതലത്തിലാണു മുന്നണി ചര്‍ച്ചകള്‍ നടക്കുകയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നത്. ഇതിനു ശേഷം ഇന്നാണ് സിപിഎമ്മുമായി സഹകരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച രാഷ്ട്രീയ നിലപാടിനു വിധേയമായുള്ള സഹകരണമേ പാടുള്ളൂവെന്നു സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇത് എങ്ങനെ സാധ്യമാക്കണമെന്നതു സംസ്ഥാന ഘടകം തീരുമാനിക്കുമെന്നാണ് മുന്‍പ് പറഞ്ഞത്. പ്രാദേശിക നീക്കുപോക്കുകള്‍ ഫലത്തില്‍ സഖ്യത്തകിലേക്ക് നീങ്ങുന്നുണ്ട്.