സോഷ്യല്‍മീഡിയെ തളയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം; സുപ്രീംകോടതി റദ്ദാക്കിയ 66 എ ഭേദഗതികളോടെ ഉള്‍പ്പെടുത്താന്‍ ശ്രമം

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുറന്ന അഭിപ്രായ പ്രകടനങ്ങനങ്ങള്‍ നടത്തുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. സുപ്രീംകോടതി റദ്ദാക്കിയ 66 എ വകുപ്പ് പുതിയരൂപത്തില്‍ ഭേദഗതികളോടെ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകരവാദം വളരുന്നു, സമൂഹത്തില്‍ ഗുരുതര സമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സര്‍ക്കാരിലേയും അതിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളിലും സോഷ്യല്‍ മീഡിയകള്‍ ആവശ്യത്തിനും അല്ലാതെയും ഇടുപെടുന്നു തുടങ്ങിയ വിശദീകരണത്തോടെയാണ് പഴയവകുപ്പ് വീണ്ടും പൊടിതട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. കരട് നിയമം ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചാല്‍ നിയമം അടിയന്തരമായി പാസാക്കാന്‍ നടപടിയെടുക്കുമെന്നാണ് ഐടി മന്ത്രാലയത്തില്‍ നിന്നുമുളള ഉദ്യോഗസ്ഥര്‍ പറയുന്നത്.

സുരക്ഷ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാറിന്റെ മറുപടി.അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും, ഭരണഘടന വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായുളള 66എ വകുപ്പ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ഈ വകുപ്പ് റദ്ദാക്കിയതോടെ സമൂഹത്തില്‍ പല ഗുരുതര പ്രശ്‌നങ്ങളും ഉടലെടുക്കുന്നെന്നും സാമൂഹികാന്തരീക്ഷം തന്നെ താറുമാറായെന്നും പല കാര്യങ്ങളും നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.