നിലമ്പൂരിലെ പ്രാദേശിക ചലചിത്രോത്സവത്തില്‍ കവികളും സംഗീതജ്ഞരും അപമാനിക്കപ്പെട്ട സംഭവം വിവാദത്തിലേക്ക്; ആര്യാടന്‍ ഷൗക്കത്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമിയുടെ ക്ഷണം സ്വീകരിച്ച്, പ്രാദേശിക ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനവേദിയില്‍ കാവ്യ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ കവികളായ അന്‍വര്‍ അലി, പി രാമന്‍, ഒ പി സുരേഷ് എന്നിവരും സംഗീതജ്ഞനനായ ജോണ്‍ പി വര്‍ക്കി, ഡ്രമ്മറായ ജോഫി എന്നിവരാണ് അപമാനിക്കപ്പെട്ടത്. ഉള്‍പ്പെട്ട ലീവ്‌സ് ഒഫ് ഗ്രാസ് എന്ന സംഘത്തോടൊപ്പംഈ മാസം 18ന്  നിലമ്പൂരിലെത്തിയതായിരുന്നു ഇവര്‍. പ്രശസ്ത കവി വാള്‍ട്ട് വിട്മാന്റെ ‘ലീവ്‌സ് ഓഫ് ഗ്രാസ് ‘ എന്ന കൃതിയുടെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള  കാവ്യസംഗീതാവതരണത്തിനെത്തിയതായിരുന്നു ഇവര്‍. ആര്യാടന്‍ ഷൗക്കത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയുടെ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുകയും സിനിമ തുടങ്ങാനായെന്ന് പറഞ്ഞ് ചില ഖദര്‍ ധാരികള്‍ പരിപാടി നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച് പറഞ്ഞുവിടുകയായിരുന്നെന്നും ഇവര്‍ ആരോപിച്ചു. സംഘത്തെ ചിലര്‍ മര്‍ദ്ധിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

12769620_1266556596694675_1187853571_n

അപമാനിതനായ ചലചിത്രകാരന്‍ മുസ്തഫ ദേശമംഗലം എഫ് ബി പോസ്റ്റ്…
സര്‍ക്കാര്‍ സ്ഥാപനമായ കേരളചലച്ചിത്രഅക്കാദമിയുടെ വേദിയില്‍ കേരളത്തിലെ ആദരണീയരായ കവികളും സംഗീതജ്ഞരും ഏതാനും പ്രാദേശിക രാഷ്ട്രീയ ഗുണ്ടകളാല്‍ അപമാനിക്കപ്പെട്ട ഒരു സന്ദര്‍ഭത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

കേരളചലച്ചിത്രഅക്കാദമിയുടെ ക്ഷണം സ്വീകരിച്ച്, പ്രാദേശിക ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനവേദിയില്‍ കാവ്യ സംഗീത പരിപാടി അവതരിപ്പിക്കാനായി, കവികളായ അന്‍വര്‍ അലി, പി രാമന്‍, ഒ പി സുരേഷ് എന്നിവരും സംഗീതജ്ഞനനായ ജോണ്‍ പി വര്‍ക്കി, ഡ്രമ്മറായ ജോഫി എന്നിവരും ഉള്‍പ്പെട്ട ലീവ്‌സ് ഒഫ് ഗ്രാസ് എന്ന സംഘത്തോടൊപ്പം18.02. 2016 നു ഞാന്‍ നിലമ്പൂരില്‍ എത്തി. 19.02.2016 ന് വൈകിട്ടായിരുന്നു ഉദ്ഘാടനപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഞങ്ങള്‍ ചെന്ന ദിവസം രാത്രി വേദി അലങ്കരിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു യുവാവ് മരണപ്പെട്ടു. . അതിനാല്‍ ഉദ്ഘാടന പരിപാടികളെല്ലാം പിറ്റേന്നത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവരുമെന്നും ഒരു നാള്‍ കൂടി അവിടെ തങ്ങി സഹകരിക്കണമെന്നും അക്കാദമിയുടെ പ്രതിനിധികളും പ്രാദേശിക സംഘാടനസമിതിക്കു നേതൃത്വം കൊടുക്കുന്നവരും ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് ഞങ്ങള്‍ ഒരു ദിവസം കൂടി അവിടെ തങ്ങി. 20.02.2016 നു വൈകിട്ട് 5 മണിക്ക് ഉദ്ഘാടനസമ്മേളനം ആരംഭിക്കുമെന്നും ഏകദേശം ഒരു മണിക്കൂര്‍ നീളാനിടയുള്ള ചടങ്ങിനു ശേഷം ഞങ്ങളുടെ ഒന്നര മണിക്കൂര്‍ അവതരണം തുടങ്ങാമെന്നുമായിരുന്നു

തുടങ്ങാമെന്നുമായിരുന്നു ധാരണ.
പ്രശസ്ത കവി വാള്‍ട്ട് വിട്മാന്റെ ‘ലീവ്‌സ് ഓഫ് ഗ്രാസ് ‘ എന്ന കൃതിയുടെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള ഞങ്ങളുടെ കാവ്യസംഗീതാവതരണം മുന്മാതൃകകളില്ലാത്ത ഒരു പുതു സംരംഭമാണ്; കവിതകളും വ്യത്യസ്ത സംഗീത ശൈലികളും പുതുപരമ്പരാഗതനാടന്‍ ചൊല്ലുകളും കോര്‍ത്തിണക്കിയ ഒരീണസഞ്ചാരം. കേരളത്തിലെ എണ്ണപ്പെട്ട കവികളും സംഗീതകാരരും നയിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ അവതരണം എന്ന നിലയിലായിരിക്കണം, കേരള സംഗീതനാടക അക്കാദമിയുടെ അന്തര്‍ദേശീയ നാടകോല്‍സവത്തി (ITFoK, 2015) ലേക്കു ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു. അവിടത്തെ അവതരണത്തെ തുടര്‍ന്ന് പല അന്വേഷണങ്ങളുണ്ടായി. അക്കൂട്ടത്തിലാണ് മേല്‍പ്പറഞ്ഞ ചലച്ചിത്രോല്‍സവത്തിലേക്കും ഞങ്ങള്‍ ക്ഷണിക്കപ്പെട്ടത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി ആദരപൂര്‍വ്വം നേരിട്ട് ക്ഷണിക്കുകയായിരുന്നു ഞങ്ങളെ. പക്ഷെ ചെന്ന ദിവസം തന്നെ ഞങ്ങള്‍ക്കൊരു കാര്യം മനസ്സിലായി. കേരളത്തിലെ മുഖ്യ ഭരണകക്ഷിയുടെ പ്രാദേശികനേതാവും മന്ത്രിപുത്രനുമായ ഒരു വ്യക്തിയാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഞങ്ങള്‍ നിലമ്പൂരില്‍ എത്തിയ നിമിഷം മുതല്‍ ഇദ്ദേഹത്തിന്റെ ചില അനുചരര്‍, അവതരണത്തിന്റെ സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടൂ.

നേതാവിറ്റെയും അനുചരരുടെയും ആധി ഇപ്രകാരമായിരുന്നു. നേതാവ് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ ജനസമ്മിതിയെ ബാധിക്കുന്നതൊന്നും നമ്മള്‍ അവതരിപ്പിക്കാന്‍ പാടില്ല. ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പേ സ്ഥാനാര്‍ത്ഥിയും എം എല്‍ ഏയുമായി മാറിയ മട്ടില്‍ അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, പതിറ്റാണ്ടുകളായി എഴുതുകയും പാടുകയുംചെയ്യുന്ന ഞങ്ങള്‍ക്കും തികഞ്ഞ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഒരു നാടിനോ സമുദായത്തിനോ ദോഷകരമായത് ചെയ്യാതിരിക്കാനുള്ള വകതിരിവ് ഞങ്ങള്‍ക്കുണ്ടെന്നും ദൃഡമായ ഭാഷയില്‍ പറയേണ്ടിവന്നു.ഞങ്ങള്‍ സ്‌ക്രിപ്‌റ്റൊന്നും ആര്‍ക്കും കൊടുത്തില്ല. ചലച്ചിത്ര അക്കാദമി ക്ഷണിച്ചപ്പോള്‍ അങ്ങനെയൊരുപാധി ഇല്ലായിരുന്നതിനാല്‍ ഞങ്ങള്‍ അതിനു ബാദ്ധ്യസ്ഥരായിരുന്നില്ല. ഇതിനിടയില്‍ ടിയാന്റെ ഒരു സഹചാരി ‘ഞങ്ങള്‍ക്ക് സ്വീകര്യമാല്ലാത്തത് ഇവിടെ പാടിയാല്‍ നിലമ്പുരില്‍ നിന്ന് നിങ്ങള്‍ പോകില്ലെന്ന്’ എന്നോട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അവതരണത്തെ ബാധിക്കണ്ട എന്നു കരുതി ഞാന്‍ സംഘത്തിലെ കലാകാരന്മാരോട് അപ്പോള്‍ അക്കാര്യം പറഞ്ഞില്ല. ഞങ്ങള്‍ നിലമ്പൂരില്‍ തങ്ങിയ രണ്ടര ദിവസത്തിനിടയില്‍ അക്കാദമിജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ നേതാവിനു വേണ്ടി ഞങ്ങളെ സമീപിച്ചു. എല്ലാവരും ഒരേപോലെ പറഞ്ഞുകൊണ്ടിരുന്നത് അടുത്ത ഇലക്ഷന് ടിയാന് മത്സരിക്കാനുള്ള തിനാല്‍ പൊതുസ്വീകാര്യതയില്ലാത്തവയൊന്നും പാടാന്‍ പാടില്ല എന്നായിരുന്നു. അവതരണത്തിന്റെ സ്വീകാര്യതയില്‍ പൂര്‍ണ്ണമായ ആത്മവിശ്വാസം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ അതൊന്നും കാര്യമാക്കിയില്ല.

ഉദ്ഘാടനത്തിനു ശേഷം 6.30 നെങ്കിലും ഞങ്ങള്‍ക്ക് വേദി ലഭിക്കേണ്ടിയിരുന്നു. നാട്ടുകാരുടെ മുന്‍പില്‍ ടി നേതാവ് തന്നെത്തന്നെ ഓരോ സെക്കന്റും മഹത്വവല്‍കരിച്ചുകൊണ്ടിരിക്കെ ഉദ്ഘാടനയോഗം നീണ്ടുനീണ്ടു പോയി. വന്നവരും പോയവരും ടിയാന്റെ മഹത്വങ്ങള്‍ ഓതിക്കൊണ്ടേയിരുന്നു. ഉദ്ഘാടനപരിപാടിയായ ഞങ്ങളുടെ അവതരണത്തെക്കുറിച്ച് ഒരറിയിപ്പു പോലും വേദിയിലുണ്ടായില്ല. അവസാനം 7.50 ഓടെ യോഗം പിരിഞ്ഞതിനു ശേഷം, ഞങ്ങള്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം, സംഘത്തിന്റെ പേരു പോലെം പറയാതെ ഇനിയൊരു സംഗീത പരിപാടിയുണ്ട് എന്ന് അനൗണ്‍സ് ചെയ്ത് അഭിനവ എം എല്‍ എ സ്ഥലം വിട്ടു. ഞങ്ങള്‍ക്ക് വേദി ലഭിക്കുന്നത് 7.55 ന്. 8.30 ന് വേദിക്കു പിന്നിലെ തിയേറ്ററില്‍ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ചടങ്ങു കഴിഞ്ഞ് ഇറങ്ങിവരികയായിരുന്ന നേതാവിനോട് ഞാന്‍ ചോദിച്ചു: ‘അല്ല ഇനിയെങ്ങനെ ഒന്നര മണിക്കൂര്‍ ഞങ്ങള്‍ പരിപാടി അവതരിപ്പിക്കും?’ ‘നിങ്ങള്‍ തുടങ്ങിക്കോളൂ. എല്ലാം വരുന്നപോലെ വരും’. എന്നായിരുന്നു ടിയാന്റെ മറുപടി. സൗണ്ട് ചെക്കിന് അധികം സമയം കളയാതെ വേഗത്തില്‍ ഞങ്ങള്‍ പരിപാടി തുടങ്ങി. ജോണ്‍ പി വര്‍ക്കിയുടെ രണ്ടു ഗാനശകലങ്ങളും പി രാമന്റെയും അന്‍വര്‍ അലിയുടെയും ഈരണ്ടു കവിതകളും ഒ പി സുരേഷിന്റെ കവിതയുംകഴിഞ്ഞ് എട്ടാമത്തെ ഇനം നിലമ്പൂര്‍ക്കാരനായ ശ്രീ ജമീല്‍ രചിച്ച ദുബായ്ക്കത്തുപാട്ടിന്റെ അവതരണമായിരുന്നു. അന്നാട്ടുകാരി തന്നെയായ സബ്‌ന എന്ന 17 കാരി പെണ്‍കുട്ടിയാണ് പാടുന്നത്. ഞങ്ങളുടെ പരിപാടി 1520 മിനിട്ട് പിന്നിട്ടിട്ടേയുള്ളൂൂ. അപ്പോഴേക്ക് ഖദര്‍ ധാരിയായ ഒരാള്‍ തിയറ്ററിന്റെ ഭാഗത്ത് നിന്ന് സൗണ്ട് കണ്‍സോളിലിരുന്ന എന്റെ നേരേ ഓടിവന്ന് , സൗണ്ട് മിക്‌സറില്‍ പിടിക്കാനാഞ്ഞു. ‘ങ്ങങ്ങള്‍ക്കവിടെ സിനിമ കാണണം മര്യാദക്ക് നിര്‍ത്തിക്കോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അയാളുടെ വരവ്. സിനിമ തുടങ്ങിയിട്ടുണ്ടായിരുന്നില്ല (പ്രദര്‍ശനം 9.00 മണിക്കേ തുടങ്ങുകയുള്ളൂ എന്ന് അക്കാദമി പ്രതിനിധി ഇതിനിടെ ഞങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു). മാത്രമല്ല സബ്‌ന പാടിക്കൊണ്ടിരിക്കുകയുമാണ്. ഞാന്‍ ഓഫാക്കാന്‍ കൂട്ടാക്കിയില്ല, പാട്ടു കഴിയാതെ സൗണ്ട് കണ്‍സോള്‍ ഓഫാക്കില്ല എന്നു പറഞ്ഞപ്പോള്‍ അയാള്‍ എന്നെ തല്ലാന്‍ ഓങ്ങി. പുറകില്‍ ഇരിക്കുകയായിരുന്ന സുഹൃത്തും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ മധു ജനാര്‍ദ്ദനന്‍ ആണ് അതു തടഞ്ഞത്. അപ്പോഴേക്കും അതുവരെ കാണാതിരുന്ന മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ട് ‘ഞാനാണീ തിയേറ്ററിന്റെ ഉടമസ്ഥന്‍, മര്യാദയ്ക്ക് ഇപ്പൊ നിര്‍ത്തിക്കോണം’ എന്ന് അന്ത്യശാസന മുഴക്കി. ഞങ്ങള്‍ നിസ്സഹായരും അപമാനിതരുമായി ചുറ്റും നോക്കി. പ്രാദേശിക സംഘാടകരോ അക്കാദമി ഒഫിഷ്യലുകളോ ആരെയും കാണാനില്ല. പരിപാടി നിന്നു. ഞങ്ങളുടെ സംഘാംഗങ്ങള്‍ മിണ്ടാതെ ഉപകരണങ്ങള്‍ പാക്കു ചെയ്യാന്‍ തുടങ്ങി. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ നിങ്ങള്‍ വിളിച്ചു വരുത്തി അപമാനിക്കുകയാണ് , ഇതു ഗുണ്ടായിസമാണ്. എന്നൊക്കെ മധു അവരോട് കയര്‍ക്കുന്നുണ്ടായിരുന്നു. നിവൃത്തിയില്ലാതെ ഞങ്ങള്‍ സ്റ്റേജു മൈക്കിലൂടെ, ‘സംഘാടകര്‍ ആരെങ്കിലും സ്റ്റേജില്‍ വന്ന് ഞങ്ങള്‍ക്കു വേണ്ട നിര്‍ദ്ദേശം തരണ’മെന്ന് അപേക്ഷിച്ചു. അരമണിക്കൂറോളം ആരും വന്നില്ല. ഞങ്ങളെ ആക്രമിച്ച കൊട്ടകയുടമയും മാന്യ ഖദര്‍ധാരിയും ഒരു മൂലയിലിരുന്ന് ഞങ്ങളെ പുലഭ്യം പറയുന്നത് തുടരുന്നുണ്ടായിരുന്നു. നാട്ടില്‍ അക്കാദമി അംഗം എന്ന പരിവേഷവുമായി നിറഞ്ഞു നിന്ന നേതാവിനെയും അനുചരന്മാരെയും ആ പരിസരത്തെങ്ങും കണ്ടില്ല. പ്രാദേശിക ചലച്ചിത്രമേളയുടെ വിജയത്തിനായി 3 ദിവസം തങ്ങിയ ശേഷം പരിപാടിയുടെ നാലിലൊന്നു പോലും പൂര്‍ത്തിയാക്കാതെ ഗുണ്ടകളുടെ കയ്യില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ട സംഘം രാത്രി തിരിച്ചു പോന്നു.
20.02 16 നു രാത്രി ഞങ്ങള്‍ ആട്ടിയോടിക്കപ്പെട്ട നിമിഷം മുതല്‍ ഇന്നലെ സമാപന സമ്മേളനം നടക്കുന്നതു വരെയും സംഘാടകസമിതിക്കുവേണ്ടി ‘അഭിനവ എം എല്‍ എ’ യോ ചലച്ചിത്ര അക്കാദമി ചെയര്‍മാനോ ഞങ്ങളോട് ക്ഷമാപണം നടത്തിയിയിട്ടില്ല. ആകെയുണ്ടായത് ഞങ്ങളുടെയെല്ലാം സുഹൃത്തും മാന്യനുമായ അക്കാദമി സെക്രട്ടറിയുടെ ഫോണ്‍ മുഖാന്തരമുള്ള ഖേദപ്രകടനം മാത്രം. അദ്ദേഹത്തോട് ഞങ്ങള്‍ ആകെ ആവശ്യപ്പെട്ടത്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഞങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന് സമാപന വേദിയിലെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ പ്രാദേശിക സംഘാടകസമിതിയോട് നിര്‍ദ്ദേശിക്കണമെന്നും മാത്രമാണ്.
പക്ഷേ ഫലത്തില്‍ അതൊന്നുമുണ്ടായില്ല.സെക്രട്ടറി നിര്‍ബന്ധിച്ചിട്ടായിരിക്കണം സംഭവത്തിന്റെ പിറ്റേന്ന് പ്രാദേശിക നേതാവ് എന്നെ മൊബൈലില്‍ വിളിച്ചു. ഞാന്‍ സംസാരിക്കാന്‍ തുടങ്ങുംപ്പോഴെല്ലാം അദ്ദേഹം തിരക്കിട്ടെന്നോണം ലൈനില്‍ തുടര്‍ന്നുകൊണ്ട് മറ്റാരോടൊക്കെയോ സംസാരിക്കുന്നു; തലേദിനങ്ങളിലെ അവഗണനാ നാടകത്തിന്റെ തുടര്‍ച്ച പോലെ. ക്ഷമകെട്ട് ഞാന്‍ പറഞ്ഞു: ‘താങ്കള്‍ സംഘത്തിലെ മുതിര്‍ന്ന അംഗമായ അന്‍വര്‍ അലിയോട് സംസാരിക്കൂ’. അപ്പോള്‍ തന്നെ ഞാന്‍ അന്‍വറിന്റെ മൊബൈല്‍ നമ്പര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഈ നിമിഷം വരെയും അയാള്‍ അന്‍വറിനെയോ സംഘത്തിലെ മറ്റാരെങ്കിലുമോ വിളിച്ചിട്ടില്ല സദുദ്ദേശത്തോടെ ഞങ്ങളെ ക്ഷണിച്ച ചലച്ചിത്ര അക്കാദമി സെക്രട്ടറി അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരം, ഞങ്ങള്‍ ഇന്നലെ ഫെസിവലിനു കൊടിയിറങ്ങിയ രാത്രി വരെയും കാത്തു. ആരും ആരോടും ക്ഷമാപണം ചോദിക്കാന്‍ വന്നില്ല;ഫോണിലോ മുഖദാവിലോ അതുണ്ടായില്ല.
മുതിര്‍ന്ന കവികളെയും സംഗീതകാരന്മാരെയുമെല്ലാം, പ്രാദേശിക സാംസ്‌ക്കാരിക ദല്ലാളന്മാര്‍ക്ക് അപമാനിക്കാനായി എറിഞ്ഞുകൊടുത്തിട്ട് മിണ്ടാതിരിക്കല്‍ ചലച്ചിത്ര അക്കാദമി പോലെയുള്ള പൊതുസ്ഥാപനങ്ങള്‍ക്ക് ഭൂഷണമാണോ എന്ന് വേദനയോടെ ചോദിക്കുക മാത്രം ചെയ്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

mus

© 2024 Live Kerala News. All Rights Reserved.