ന്യൂയോര്‍ക്ക്: ശൈശവ വിവാഹമെന്ന അനാചാരം പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. യുണിസെഫിന്റെ കണക്കനുസരിച്ച് ഇതുവരെ എഴുപത് കോടി പെണ്‍കുട്ടികള്‍ 18 വയസിനു മുമ്പേ വിവാഹിതരാകുന്നു .ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹത്തോടുള്ള സമൂഹത്തിന്റെ പ്രതികരണമറിയാന്‍ യു ട്യൂബര്‍ കോബി പെര്‍സില്‍ ഒരു പരീക്ഷണം നടത്തി.
65 വയസുകാരനായ വരനും 12 വയസുകാരിയായ വധുവും പൊതുസ്ഥലത്ത് വരുമ്പോള്‍ ജനങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയുകയായിരുന്നു ലക്ഷ്യം. ഫോട്ടോഗ്രാഫ് എടുക്കാനെന്ന വ്യാജേനയാണ് അഭിനേതാക്കള്‍ ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ എത്തിയത്. വധൂവരന്‍മാരെ കണ്ട് പലരും ഞെട്ടി പോയി. കുട്ടിയുടെ അമ്മയെവിടെ എന്ന് അന്വേഷിച്ച് സ്ത്രീകള്‍ രംഗത്ത് വന്നു. രോഷത്തോടെയാണ് ജനങ്ങള്‍ 65 കാരനോട് പ്രതികരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് വരന്‍ അറിയിച്ചെങ്കിലും പലരും അത് വിശ്വസിക്കാന്‍ തയാറായില്ല. പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തി വരനെ ചീത്ത വിളിച്ച ചിലര്‍ അയാളെ തല്ലാന്‍ പോലും ശ്രമിച്ചു. ശൈശവ വിവാഹത്തിനെതിരെയുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ രണ്ടുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ലോകത്ത് ഓരോ ദിവസവും 33,000 പെണ്കുട്ടികള്‍ പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്നുവെന്നും ന്യൂയോര്‍ക്ക് ശൈശവ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്നും ഒരു രാജ്യവും ഈ അനാചാരം അനുവദിക്കരുതെന്നും വീഡിയോയില്‍ കാണിക്കുന്നു.