ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല റിട്ടയേഡ് പ്രൊഫസര്‍ ചമന്‍ ലാല്‍ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം നല്‍കിയ പുരസ്‌കാരം തിരിച്ചുനല്‍കുന്നു. 2003ല്‍ മന്ത്രാലയത്തിനുകീഴിലെ കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് നല്‍കിയ 50,000 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരവും തിരിച്ച് നല്‍കാന്‍ തീരുമാനിച്ചതായി ചമന്‍ ലാല്‍ പറഞ്ഞു. ഹിന്ദി സംസാരഭാഷയല്ലാത്ത മേഖലയിലെ ഹിന്ദി എഴുത്തുകാരന് നല്‍കുന്ന പുരസ്‌കാരം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് തനിക്ക് സമ്മാനിച്ചതെന്ന് ചമന്‍ലാല്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് എഴുതിയ കത്തില്‍ പറയുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും, ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നത്. രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ചമന്‍ ലാല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയിരുന്നു.