ന്യൂഡല്‍ഹി: 2001 ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടോയെ കാര്യം സംശയാസ്പദമാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്നതിലും ചിദംബരം സംശയം പ്രകടിപ്പിച്ചു. മന്ത്രിസഭയുടെ ഭാഗമായി നിന്നുകൊണ്ട് കോടതി വിധി പ്രകാരം വധശിക്ഷ നടപ്പാക്കുമ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ വ്യക്തി എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കി പകരം പരോള്‍ ഇല്ലാത്തെ ജീവപര്യന്തം നല്‍കിയാല്‍ മതിയായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ അഭിപ്രായ പ്രകടനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി സ്ഥാനവും ആഭ്യന്തരമന്ത്രി സ്ഥാനവും ചിദംബരം കൈകാര്യം ചെയ്തിരുന്നു. 2008-12 കാലയളവില്‍ ചിദംബരം ആയിരുന്നു ആഭ്യന്തരമന്ത്രി. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുമ്പോള്‍ സുശീല്‍ കുമാര്‍ ഷിന്‍ഡേ ആയിരുന്നു ആഭ്യന്തരമന്ത്രി. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയത് രാജ്യദ്രോഹ പ്രസംഗം അല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്നും ചിദംബരം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റ് പറ്റാവുന്ന പ്രായമമാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് മഹത്തായ കാര്യങ്ങള്‍ മാത്രം ചെയ്യാനുള്ള ഇടമല്ല സര്‍വകലാശാലകള്‍ എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.