കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പുതിയ ബഹുജന സംഘടനയായ മുസ്ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം 27ന് നടക്കുമെന്നിരിക്കെ സംഘടനയില്‍ മരുന്നിന് പോലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകില്ല. സംഘടനയുടെ സംസ്ഥാന ഭാരവാഹികളെയും 27ന് പ്രഖ്യാപിക്കും. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെ കാന്തപുരം വിഭാഗം പുതിയ സംഘടന രൂപീകരിച്ചത്. നിലവില്‍ കാന്തപുരം നയിക്കുന്ന അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ഒരു മതസംഘടന എന്ന നിലയ്ക്ക് രാഷ്ട്രീയ പൊതുവിഷയങ്ങളില്‍ പരസ്യ നിലപാടെടുക്കാന്‍ പരിമിതികളുണ്ട്. ഇത് മറികടക്കാനാണ് ബഹുജന സംഘടനയുമായി എപി വിഭാഗം മുന്നോട്ടുവന്നത്. നിലവില്‍ സംഘടനയ്ക്ക് എറണാകുളമൊഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളായി.എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം ഇന്നു നടക്കും. രണ്ടായിരം അംഗങ്ങള്‍ക്ക് ഒരു സംസ്ഥാന കൗണ്‍സിലര്‍ എന്ന രീതിയിലാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്ന 18 വയസിനു മുകളിലുളളവര്‍ക്കാണ് മുസ്ലീം ജമാഅത്തില്‍ അംഗത്വം നല്‍കുന്നത്. നിലവില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യം മുസ്ലീം ജമാഅത്ത് ആലോചിച്ചിട്ടില്ല. ജമാഅത്ത് ഇസ്ലാമി, കെ.എന്‍.എം, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവക്ക് പകരമായി ഒരു പൊതു മുസ്ലിം വേദിയെന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുക എന്നതുതന്നെയാണ് മുസ്ലിം ജമാഅത്തിന്റെ രൂപീകരണ ലക്ഷ്യവും. സ്ത്രീകള്‍ ലൈംഗികതയ്ക്കും വീടുകാവലിനുമല്ലാതെ പൊതുയിടങ്ങളില്‍ വരുന്നതിനെ രൂക്ഷമായി എതിര്‍ക്കുന്ന കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീപ്രാതിനിധ്യം പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.